3500 കോടിയുടെ ലഹരി വേട്ട; ലോകത്തെ അമ്പരപ്പിച്ച് ദുബായ് പൊലീസ് മിടുക്ക്; വിഡിയോ

dubai-police-durg-arrest
SHARE

ദുബായ് പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലിലൂടെ നടത്തിയത് വൻ ലഹരിമരുന്ന് വേട്ട. വലിയ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കപ്പൽ മാർഗം കടത്താൻ ശ്രമിച്ച 5.6 ടൺ ലഹരി മരുന്നാണ് സംഘം പിടിച്ചത്. ലോകത്തു തന്നെ ഇത്രയും വലിയ ലഹരിവേട്ട ആദ്യമായാണെന്ന് മേജർ ജനറൽ ഖലീൽ അൽ മൻസൂറി പറഞ്ഞു. വിപണിയിൽ 1.8 ബില്യൺ ദിർഹം (ഏതാണ്ട് 3500 കോടിയിലേറെ രൂപ) മൂല്യം വരുന്ന ലഹരിമരുന്നാണ് ആകെ പിടികൂടിയതെന്നും അധികൃതർ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. 70 വയസ്സുള്ള വ്യക്തിയാണ് സംഘത്തിന്റെ തലവൻ. ലഹരിവേട്ടയുടെ ദൃശ്യങ്ങൾ ദുബായ് പൊലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടിയ്ക്ക് ഒരുങ്ങിയത്. സിറിയയിൽ നിന്നും കപ്പൽ മാർഗമാണ് കേബിളിനുള്ളിൽ ലഹരിമരുന്ന് കടത്തിയത്. പ്രതികളുടെ നീക്കങ്ങൾ പിന്തുടർന്ന അധികൃതർ, കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന് യുഎഇയിൽ വിതരണം ചെയ്യുന്നതിന് മുൻപ് കയ്യോടെ പിടികൂടുകയായിരുന്നു.  

ഓപ്പറേഷന് പ്യൂളെ 2 എന്നായിരുന്നു അധികൃതർ പേരിട്ടത്. പൊലീസ് നായയുടെ സഹായത്തോടെയാണ് വൻ ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചത്. നേരത്തേ മൂന്നു ലഹരി മരുന്ന് കേസുകളിലും പൊലീസ് നായയുടെ സഹായം ഉണ്ടായിരുന്നു. ദുബായ് പൊലീസും അതിന്റെ മറ്റു സംവിധാനങ്ങളും ഏതു തരം വെല്ലുവിളികളും നേരിടാൻ പ്രത്യേകിച്ച് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തയാറാണെന്ന് അധികൃതർ പറഞ്ഞു. സർക്കാരിന് നേതൃത്വം നൽകുന്നവരുടെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെയും വലിയ പിന്തുണയ്ക്ക് ദുബായ് പൊലീസ് നന്ദി അറിയിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...