അബുദാബിയിൽ നിന്ന് ദുബായ് വരെ; നഗ്നപാദനായി ഓടിയെത്തി; റെക്കോർഡിട്ട് മലയാളി

അബുദാബിയിൽ നിന്ന് ദുബായ് വരെ നഗ്നപാദനായി ഓടി റെക്കോർഡിട്ട് മലയാളി. ആകാശ് നമ്പ്യാരാണ് ആരോഗ്യമുള്ള ശരീരത്തിന് പ്രാധാന്യം നൽകുക എന്ന സന്ദേശത്തോടെ 118 കിലോമീറ്റർ ഒറ്റയ്ക്ക് ഓടിയത്. 27 മണിക്കൂർ സമയമാണ് ഇതിനായി ആകാശിന് വേണ്ടി വന്നത്. 

യുഎഇയിലെ യുവാക്കളിലേക്ക് ആരോഗ്യമുള്ള ശരീരത്തിന്റെ പ്രാധാന്യമെത്തിക്കാൻ സാധിച്ചുവെന്നാണ് കരുതുന്നതെന്നും ആകാശ് പറയുന്നു.

ആരോഗ്യരംഗത്തിന് യുഎഇ വലിയ പ്രാധാന്യമാണ് നൽകി വരുന്നതെങ്കിലും പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ ആളുകളിൽ കൂടുതലായി കണ്ടുവരുന്നുവെന്നും ഇത് ജീവിതശൈലി രോഗങ്ങളുടെ ഗണത്തിൽ വരുന്നതാണെന്നും ആകാശ് പറയുന്നു. 

35 വയസിൽ താഴെയുള്ളവർ പോലും ശാരീരികക്ഷമത ഇല്ലാത്തവരായി മാറിയിട്ടുണ്ട്. പൊണ്ണത്തടിയും പുകവലിയും വ്യാപകമായി. ഇതിനെതിരെ എന്ത് ബോധവത്കരണം നടത്തുമെന്ന്  ആലോചിച്ചിരിക്കുമ്പോഴാണ് സുഹൃത്തായ ഖാലിദ് അൽ സുവെയ്ദി അബുദാബിയിൽ നിന്നും മക്ക വരെ ഓടിയത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താനും ആ മാർഗം സ്വീകരിക്കുകയായിരുന്നുവെന്ന് ആകാശ് വെളിപ്പെടുത്തി.

ഇതാദ്യമായല്ല ആകാശ് അള്‍ട്രാ മാരത്തൺ നടത്തുന്നത്. യുഎഇയിലേക്ക് എത്തുന്നതിന് മുമ്പ് കൊളംബോയിൽ നിന്ന് പുനവതുന വരെ 120 കിലോമീറ്ററും ആകാശ് ഓടിയിട്ടുണ്ട്.