മത്സരത്തിൽ വിജയിച്ചു; മലയാളി ബാലികയുടെ ചികിത്സയ്ക്കു വഴിതെളിഞ്ഞു; നന്ദി പറഞ്ഞ് പിതാവ്

dubai-help-news
SHARE

വായനക്കാരുടെ വിലയേറിയ വോട്ടുകൾ കുഞ്ഞ് അഹ് ലാം ദുആയ്ക്ക് തുണയായി. അബുദാബി ഡിയർ ബിഗ് ടിക്കറ്റ് ജീവകാരുണ്യ പദ്ധതിയിലേയ്ക്ക് അഹ് ലം ദുആ തിരഞ്ഞെടുക്കപ്പെട്ടു.  തലച്ചോറിന്  പ്രശ്നവും കണ്ണുകളെ ഗുരുതര അസുഖവും ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകുക വഴി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള വഴിയാണ് ഇതോടെ തെളിഞ്ഞത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ ഏക മകളായ അഹ്‌ലാം ദുആ മറ്റു 20 പേരോടൊപ്പം പദ്ധതിയിൽ മത്സരിക്കുകയായിരുന്നു. 

ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന അഞ്ചു പേരെയായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നത്. വിജയിക്കുന്നവർക്ക് അവരുടെ ചികിത്സാ ചെലവ് മുഴുവൻ ഡിയർ ബിഗ് ടിക്കറ്റ് പദ്ധതി വഹിക്കും.  മകൾക്ക് വേണ്ടി മനോരമ ഒാൺലൈൻ വഴിയാണ് കഴിഞ്ഞ വർഷം ഒക്ടോബർ 22ന് ഷേറിൽ വോട്ടഭ്യർഥിച്ചത്. രണ്ടാം സ്ഥാനത്തോടെ തിരഞ്ഞെടുക്കപ്പെട്ടതിൽ മനോരമ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് ഇൗ പിതാവ്.

മാസം തികയാതെ പ്രസവം പ്രശ്നങ്ങൾക്ക് തുടക്കം

2018 ൽ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ അഹ് ലം ദുആ മാസം  തികയാതെ ജനിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കുട്ടിക്ക് 598 ഗ്രാം ഭാരം മാത്രമേയുണ്ടായിരുന്നുള്ളൂ.  105 ദിവസം ഇൻക്യുബേറ്ററിൽ കിടത്തി ചികിത്സിച്ചപ്പോൾ രണ്ടു ലക്ഷത്തിലേറെ ദിർഹം ചെലവായി. തലച്ചോറിന് പ്രശ്നവും കണ്ണുകളെ ഗുരുതര അസുഖവും ബാധിച്ചു. കാഴ്ച കിട്ടുന്നതിന് വേണ്ടി ദുബായിലെ ആശുപത്രിയിൽ  ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ഡോക്ടർമാർക്ക് തന്നെ ഒരു ലക്ഷത്തോളം ദിർഹം ഫീസ് നൽകി. തുക എഴുതാത്ത  ചെക്ക് നൽകിയാണു അന്ന് ആശുപത്രി വിട്ടത്. 

ശമ്പളം മുൻകൂറായി വാങ്ങിയും പലരിൽ നിന്ന് കടം വാങ്ങിയും  വായ്പയെടുത്തും മറ്റു ചെലവുകൾക്ക് തുക കണ്ടെത്തി. ജീവിതം തന്നെ വഴിമുട്ടിയ സന്ദർഭത്തിലാണ് 2018ൽ അബുദാബി  ഡ്യൂട്ടി ഫ്രീ ആരംഭിച്ച ജീവകാരുണ്യ വിഭാഗമായ ഡിയർ ബിഗ് ടിക്കറ്റ് മത്സരത്തിലെ മത്സരാർഥികളിലൊരാളായി  തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങ് ആയിരുന്നു ജയിക്കാനുള്ള മാനദണ്ഡം. ആ വർഷം നിരാശയായിരുന്നു ഫലം.  ഇതേ തുടർന്ന് ജീവിതം വീണ്ടും പ്രതിസന്ധിയിലായി. 

മകളുടെ കണ്ണിനു വീണ്ടും അടിയന്തര ചികിത്സ ആവശ്യം വന്നു. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുപോയേക്കും. സാമ്പത്തികമായി തകർന്നു നിൽക്കുന്ന അവസ്ഥയിൽ കുട്ടിയുടെ ചികിത്സയുടെ പ്രാധാന്യം അധികൃതർക്ക് മനസിലായതുകൊണ്ടായിരിക്കണം ഡിയർ ബിഗ് ടിക്കറ്റ് സീസൺ 2 മത്സരത്തിലും അവസരം  ലഭിച്ചു. വിവിധ ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വ്യത്യസ്ത രാജ്യക്കാരായ 20 പേരാണ് ഭാഗ്യ പരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരിൽ അഹ് ലം ദുആയെ കൂടാതെ മറ്റു 3 പേര്‍ മലയാളികളായിരുന്നു. മത്സര ഫലം ഡിയർ ബിഗ് ടിക്കറ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യക്കാരായ ഉൻസിയ ഫാത്തിമ, ഫിലിപ്പീൻസ് സ്വദേശിനി റേഷൽ അമ, ലിവൈവയ് ബനാഗ്, നൈജീരിയൻ സ്വദേശി ഒലുസേഗൻ അഡാർമൊല എന്നിവരാണ് മറ്റു വിജയികൾ.

MORE IN GULF
SHOW MORE
Loading...
Loading...