ദുബായിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഒഴിവാക്കി

ദുബായിൽ ജീവിതച്ചെലവ് കുറയ്ക്കാനും നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഒഴിവാക്കി. ഇരുപത്തിരണ്ടു സർക്കാർ സ്ഥാപനങ്ങളിലെ രണ്ടായിരത്തിമുന്നൂറ്റിഅൻപത്തിയാറു ഫീസുകൾ പുനക്രമീകരിച്ചു. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന ദുബായ് എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിലാണ് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസകരമായ തീരുമാനമെടുത്തത്. പൊതുവായനശാലകളിലെ പ്രവേശന ഫീസ്, വിദ്യാലയങ്ങളിലെ ബോധവൽകരണ പരിപാടികൾ, മെഡിക്കൽ പരിശീലനം തുടങ്ങിയവയ്ക്കുള്ള ഫീസുകൾ ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യം, വിനോദസഞ്ചാരം, നിർമാണം, ബോധവൽക്കരണം തുടങ്ങിയ മേഖലകളിലെ  നിരവധി ഫീസുകളും റദ്ദാക്കിയിട്ടുണ്ട്. ചില മേഖലകളിൽ പുതിയ ഫീസുകൾ ഏർപ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. വിവിധ മേഖലകളുടെ പ്രവർത്തനം വിലയിരുത്തുകയും മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 

ലോകത്ത് ഏറ്റവും സന്തോഷം നിലനിൽക്കുന്ന നഗരമായി ദുബായിയെ മാറ്റും. എല്ലാ രംഗത്തും  മികച്ച സേവനം ഉറപ്പാക്കും. നയങ്ങളും നിയമങ്ങളും ഇടയ്ക്കിടെ അവലോകനം ചെയ്ത് മാറ്റങ്ങൾ വരുത്തുമെന്നും ദുബായ് കിരീടാവകാശി വ്യക്തമാക്കി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നിർദേശപ്രകാരമാണ് തീരുമാനം. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ പങ്കെടുത്തു.