കൊറോണ ബാധ; വിമാനത്താവളങ്ങളിൽ സ്ക്രീനിങ് ടെസ്റ്റ് നിർബന്ധമാക്കി

corona-24
SHARE

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധന ശക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി. അതേസമയം, സൌദിയിൽ മെർസ് കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിൻറെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.

സൌദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നുള്ള കൊറോണ വൈറസല്ലെന്നു ഇന്നലെ സ്ഥിരീകരിച്ചതോടെയാണ് ആശങ്കകൾ ഒഴിവായത്. മെർസ് വൈറസ് ബാധിച്ച കോട്ടയം സ്വദേശിയായ മലയാളി നഴ്സിൻറെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, ചൈനയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്ന യാത്രക്കാർക്കു കൊറോണ വൈറസ് സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നുണ്ടെന്നു വിമാനത്താവള അധികൃതർ വ്യക്തമാക്കി. 

ആരോഗ്യമന്ത്രാലയത്തിൻറെ നിർദേശപ്രകാരമാണ് തെർമൽ സ്ക്രീനിങ് നടത്തുന്നതെന്നു ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ പറഞ്ഞു. ചൈനയിലേക്കു യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുൻകരുതൽ നിർദേശവും യുഎഇ വിമാനത്താവളങ്ങളിൽ കൈമാറുന്നുണ്ട്. ഖത്തറിൽ കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ ആരും ആശുപത്രികളിൽ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ആശുപത്രികൾ സന്ദർശിക്കുന്നുണ്ട്. ചൈന ഉൾപ്പെടെ കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൌദിയിലും വിമാനത്താവളങ്ങളിലടക്കം ആരോഗ്യപരിശോധന ശക്തമാക്കിയിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...