മല്‍സരത്തിനിടെ സൈക്കിളിങ് താരം വീണു; പരുക്ക്; ഓടിയെത്തി പരിചരിച്ച് ഷെയ്ഖ് മുഹമ്മദ്, വിഡിയോ

sheikh-mohammed-1
SHARE

മൽസരത്തിനിടെ വീണുപരുക്കേറ്റ സൈക്കിളിങ് താരത്തിന് ആശ്വാസവും പരിചരണവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ബുധനാഴ്ച അദ്ദേഹം പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. താഴെ വീണ് പരുക്ക് പറ്റിയ പെൺകുട്ടിയെ ഷെയ്ഖ് മുഹമ്മദ് ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

അൽ സലാം സൈക്കിളിങ് ചാംപ്യൻഷിപ്പിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്ത ശേഷം തന്റെ കാറിൽ മൽസരാർഥികളെ ഷെയ്ഖ് മുഹമ്മദ് പിന്തുടരുകയായിരുന്നു. ഈ സമയത്താണ് മൽസരാർഥികളുടെ സംഘത്തിൽ നിന്നും ഒരു പെൺകുട്ടി റോഡിൽ വീണത്. ഇത് കണ്ടതും കാറിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ചാടി ഇറങ്ങുകയും പെൺകുട്ടിയെ സഹായിക്കാനായി ഓടിയെത്തുകയും ചെയ്തു. വീണതിനെ തുടർന്ന് താടിയിൽ ഉണ്ടായ രക്തം തുടച്ചുകളയാൻ പെൺകുട്ടിക്ക് തന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ടിഷ്യൂ നൽകുകയും ചെയ്തു.

ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും സ്വന്തം ജനങ്ങളോട് ഒരു പിതാവിന്റേതു പോലുള്ള അദ്ദേഹത്തിന്റെ പ്രവർത്തി വലിയ പ്രശംസ നേടുകയും ചെയ്തു. തുടർന്ന് മൽസരത്തിൽ പങ്കെടുക്കരുതെന്ന് വൈദ്യപരിശോധകർ പറഞ്ഞെങ്കിലും ഇനാൻ അൽ അമേറിയെന്ന പെൺകുട്ടി മൽസരം പൂർത്തിയാക്കി. ഷെയ്ഖ് മുഹമ്മദിന്റെ എളിമ നിറഞ്ഞ പ്രവർത്തിയാണ് മൽസരം പൂർത്തിയാക്കാൻ തന്നെ ഉത്സാഹിപ്പിച്ചതെന്ന് അവർ പിന്നീട് പറഞ്ഞു. മൽസരം കഴിഞ്ഞ ശേഷം ഒരു അറബിക് മാധ്യമത്തോടാണ് ഇനാൻ അൽ അമേറി ഇക്കാര്യം വ്യക്തമാക്കിയത്.

MORE IN GULF
SHOW MORE
Loading...
Loading...