ഒമാൻ ഭരണാധികാരിക്ക് യു.എന്നിന്‍റെ അനുശോചനം

gulf
SHARE

മേഖലയിലേയും ലോകത്തിന്‍റെയും സമാധാനത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദെന്നു ഐക്യരാഷ്ട്രസഭയുടെ അനുശോചനം. സൗദി ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള രാഷ്ട്രനേതാക്കൾ അനുശോചനം അറിയിക്കാൻ ഒമാനിലെത്തി. അതേസമയം, ഔദ്യോഗിക ദുഃഖാചരണത്തിലൂടെ സുൽത്താൻ ഖാബൂസിന് ഇന്ത്യ ആദരാഞ്ജലി അർപ്പിച്ചു.

രാജ്യാന്തര നയതന്ത്ര രംഗത്ത് തുടർച്ചയായി മികച്ച സംഭാവന നൽകിയ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദെന്നു ആനുശോചന സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറെസ് പറഞ്ഞു. സൌദി ഭരണാധികാരി സൽമാൻ രാജാവ്, യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, റാസൽ ഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മൽഖുവൈൻ ഭരണാധികാരികൾ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ തുടങ്ങിയവർ നേരിട്ടെത്തി സുൽത്താൻ ഖാബൂസിൻറെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം നാളെ ഒമാനിലെത്തി അനുശോചനം അറിയിക്കും. ഇന്ത്യയിൽ ഔദ്യോഗിക ദുഖാചരണത്തോടെ സുൽത്താൻ ഖാബൂസിന് ആദരാഞ്ജലി അർപ്പിച്ചു. പാർലമെൻറ്, രാഷ്ട്രപതിഭവൻ, നിയമസഭാ മന്ദിരങ്ങൾ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങൾ. വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യയുടെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. കേരളത്തിലതടക്കം ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. അതേസമയം, ഒമാനിലെ ഔദ്യോഗിക ദുഖാചരണം നാളെ അവസാനിക്കും.

MORE IN GULF
SHOW MORE
Loading...
Loading...