അപകടങ്ങൾ കൂടുന്നു; എല്ലാ കെട്ടിടങ്ങളിലും മുന്നറിയിപ്പ് സംവിധാനം നിർബന്ധമാക്കും

sharjah-ferry
SHARE

ഷാർജയിലെ എല്ലാ കെട്ടിടങ്ങളിലും തീപിടിത്ത മുന്നറിയിപ്പു സംവിധാനം ഈ വർഷം നിർബന്ധമാക്കുമെന്നു പൊലീസ്. പുകയുടെ സാന്നിധ്യം കണ്ടെത്തുന്ന സ്മോക് ഡിറ്റക്ടറുകൾ, ഫയർ അലാമുകൾ എന്നിവ ഉറപ്പാക്കും.  അതേസമയം, അഗ്നിപ്രതിരോധ നടപടികളെക്കുറിച്ചു ബോധവൽക്കരണം ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കമ്പനികളിലും ഫ്ളാറ്റുകളിലുമൊക്കെ തീപിടിത്തം കാരണം അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസിൻറെ ശക്തമായ ഇടപെടൽ. കെട്ടിടങ്ങളിൽ അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഇല്ലെങ്കിലോ പ്രവർത്തനരഹിതമാണെങ്കിലോ സിവിൽ ഡിഫൻസിനെ അറിയിക്കണം. പുകവലിച്ചശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികൾ തീപിടിത്തത്തിനു മുഖ്യകാരണങ്ങളിൽ ഒന്നാണെന്നും പൊലീസ് വ്യക്തമാക്കുന്നു. താമസയിടങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും കഴിഞ്ഞവർഷമുണ്ടായ തീപിടിത്തങ്ങളിൽ സിഗററ്റ് കുറ്റി പ്രധാനകാരണമായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത എ.സി ഉപകരണങ്ങൾ, നിലവാരമില്ലാത്ത വയറിങ്, വ്യാജ വൈദ്യുതോപകരണങ്ങൾ എന്നിവയും അപകടമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി ഷാർജ പൊലീസ് ഫൊറൻസിക് വിഭാഗത്തിലെ കേണൽ ആദിൽ അൽ മസ്മി പറഞ്ഞു. 

തണുപ്പുകാലത്ത് കൂടുതലായി ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ കാര്യത്തിലും ശ്രദ്ധവേണം. അമിത ഉപയോഗം മൂലം ഇവ പൊട്ടിത്തെറിക്കാനും വെള്ളത്തിൽ നിന്നു ഷോക്കേൽക്കാനും സാധ്യതയുണ്ട്. അതേസമയം, അഗ്നിപ്രതിരോധ നടപടികളെക്കുറിച്ചു വിവിധ കമ്പനികളുടെ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു. നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചു  ശാസ്ത്രീയ പരിശീലനമാണു നൽകുക. വീട്ടമ്മമാർ, തൊഴിലാളികൾ എന്നിവരെയും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തും.

MORE IN GULF
SHOW MORE
Loading...
Loading...