യു.എസ്, ഇറാൻ സംഘർഷസാധ്യത; ഗൾഫ് രാജ്യങ്ങളിൽ കനത്ത ജാഗ്രത

us
SHARE

യു.എസ്,  ഇറാൻ സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ. യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കി മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് സൌദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൌദി, അബുദാബി കിരീടാവകാശികളുമായി നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. 

ഒരിടവേളയ്ക്കു ശേഷം ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷസാധ്യത ഉയർന്നിരിക്കെ കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങരുതെന്നാണ് യുഎഇ പ്രതികരിച്ചത്. വിവേക പൂര്‍ണാമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നേരത്തെ നടന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നതായും സൌദി വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ എല്ലാ നടപടികളില്‍ നിന്നും പിൻമാറുകയും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, സൌദിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു.

യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മൈക് പോംപിയോ ഫോണിൽ ബന്ധപ്പെട്ടു നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. യുദ്ധസമാനമായ സാഹചര്യവും യുദ്ധവും മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...