ആ മരക്കഷ്ണം തെളിയിച്ചത് കൊലക്കേസ്; ഷാര്‍ജ പൊലീസ് മായ്ച്ചത് വർഷങ്ങളുടെ ദുരൂഹത

sharjah-arrest
SHARE

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ഷാർജ പൊലീസ് കണ്ടെടുത്ത ഒരു മരക്കഷ്ണം തെളിയിച്ചത് വർഷങ്ങളായി ദുരൂഹമായിരുന്ന കൊലക്കേസ്. ഏഷ്യൻ സ്വദേശിയെ മറ്റൊരു ഏഷ്യൻ സ്വദേശി മരം ഉപയോഗിച്ച് ക്രൂരമായി മർദിച്ചു എന്ന പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്ന് ഷാർജ പൊലീസ് ഫൊറൻസിക് ലബോറട്ടറി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സെർക്കൽ പറഞ്ഞു.

ഏഷ്യക്കാരന്റെ പരാതിയെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും മർദിക്കാൻ ഉപയോഗിച്ച നീണ്ട മരകഷ്ണം കണ്ടെടുക്കുകയും ചെയ്തു. ഇതാണ് വർഷങ്ങൾ പഴകിയ കൊലക്കേസ് തെളിയിക്കാൻ സഹായകരമായത്. വിരൽ അടയാളവും മറ്റു ഫൊറൻസിക് പരിശോധനകളിൽ നിന്നും ഈ മരം തന്നെയാണ് വർഷങ്ങൾക്ക് മുൻപ് മറ്റൊരാളെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് വ്യക്തമായി. 

സംഭവത്തിനു ശേഷം പ്രതിയായ ഇയാൾ ഒളിച്ചു കഴിയുകയായിരുന്നു. രണ്ടു കുറ്റങ്ങൾക്കും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൊറൻസിക് തെളിവുകൾ നിരത്തിയപ്പോൾ പ്രതി കുറ്റം സമ്മതിച്ചുവെന്ന് ബ്രിഗേഡിയർ അഹമ്മദ് അൽ സെർക്കൽ പറഞ്ഞു.

ദുരൂഹമായി കിടന്നിരുന്ന 15,513 കേസുകൾ ഈ വർഷം മാത്രം ഫൊറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ പരിഹരിച്ചുവെന്നും 2018ൽ ഇത് 13,054 കുറ്റകൃത്യങ്ങൾ ആയിരുന്നുവെന്നും ബ്രിഗേഡിയർ പറഞ്ഞു. കൊലപാതകങ്ങൾ, മോഷണം, പീഡനം, പിടിച്ചുപറി, ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ, തട്ടിപ്പുകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട കേസുകളിലും ഫൊറൻസിക് വിഭാഗത്തിന്റെ സഹായം ഉണ്ടായിരുന്നു. ഈ വർഷം 6412 ഡിഎൻഎ സാംപിളുകൾ ഡാറ്റബേസിൽ ചേർത്തുവെന്നും 164 കേസുകൾ തെളിയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...