അബുദാബിയിൽ അപകടമുണ്ടായാൽ പൊലീസ് സ്റ്റേഷനിൽ വിവരമെത്താൻ പ്രത്യേക സംവിധാനം

accident
SHARE

അബുദാബിയിൽ വാഹനം അപകടത്തിൽ പെട്ടാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഉടൻ വിവരമെത്തുന്ന പ്രത്യേക സംവിധാനമൊരുക്കുന്നു. വാഹനങ്ങളിൽ ഘടിപ്പിക്കാനുള്ള ഇ കോൾ സംവിധാനമുൾപ്പെടുന്ന സ്മാർട് സുരക്ഷാ പദ്ധതിക്കു രണ്ടായിരത്തിഇരുപത്തിയൊന്നിൽ തുടക്കമാകും. റോഡപകടമുണ്ടാകുമ്പോൾ ഉടൻ പൊലീസിനു സന്ദേശമെത്തുന്ന ഇ കോൾ സംവിധാനമാണ് നടപ്പാക്കുന്നത്. 

എമിറേറ്റ്സ് അതോറിറ്റി ഫൊർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി മാനദണ്ഡങ്ങൾ എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കാനാണ് പദ്ധതി. രണ്ടായിരത്തിഇരുപത്തിയൊന്നു മുതൽ രാജ്യത്തെത്തുന്ന എല്ലാ പുതിയ മോഡൽ വാഹനങ്ങളിലും ഇ കോൾ സംവിധാനമുണ്ടാകും. റോഡപകടമുണ്ടാകുമ്പോൾ പൊലീസിനു വിവരമറിയാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള കാലതാമസം ഒഴിവാക്കാനും ഇതു സഹായകമാകും. മരണനിരക്കു കുറയ്ക്കാനും ഗുരുതര പരുക്കേറ്റവർക്ക് അതിവേഗം ചികിത്സ ലഭ്യമാക്കാനും കഴിയും. ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണിതു നടപ്പാക്കുക. ഓട്ടോമേറ്റഡ് എമർജൻസി കോൾ സിസ്റ്റം അഥവാ 'ഇകോൾ', അപകടമുണ്ടായ വാഹനത്തിന്റെ പൂർണ വിവരങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനു കൈമാറും. അപകടത്തിന്റെ സ്വഭാവം, സ്ഥലം, സമയം, വാഹനം, ഇന്ധനം, യാത്രക്കാരുടെ എണ്ണം എന്നിവ അറിയാൻ കഴിയുന്നതോടെ സുരക്ഷാ സംഘത്തിനു കൃത്യമായ തയ്യാറെടുപ്പ് നടത്താൻ കഴിയും. അതേസമയം, നിലവിലെ വാഹനങ്ങളിലും ഈ സംവിധാനമൊരുക്കുന്നത് പരിഗണിച്ചുവരികയാണെന്നു വയർലസ് നെറ്റ് വർക്സ് ആൻഡ് സർവീസസ് ഡയറക്ടർ മുഹമ്മദ് ജദാ പറഞ്ഞു. ഗതാഗതമേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കി അപകടനിരക്ക് കുറയ്ക്കുമെന്ന് അബുദാബി പൊലീസ് സെൻട്രൽ ഒാപ്പറേഷൻസ് മേധാവി ബ്രിഗേഡിയർ ജനറൽ നാസർ സുലൈമാൻ അൽ മസ്കരി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...