ജിസിസി ഉച്ചകോടിയിൽ മുഴുവൻ അംഗരാജ്യങ്ങളും പങ്കെടുക്കും

അടുത്ത മാസം പത്തിനു റിയാദിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ മുഴുവൻ അംഗരാജ്യങ്ങളുടേയും ഉന്നതതല പ്രാതിനിധ്യം ഉണ്ടാകുമെന്നു കുവൈത്ത്. സൌദി അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉച്ചകോടിയിൽ ഇടപെടലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല പറഞ്ഞു.

ഖത്തറിനെതിരെ സൌദിയും ബഹ്‌റൈനും യു‌എ‌ഇയും ഉപരോധം പ്രഖ്യാപിച്ചതാണ് ജിസിസിയിലെ പ്രധാന തർക്കം. ഉപരോധം പ്രഖ്യാപിച്ചതിനു ശേഷമുള്ള രണ്ടു ഉച്ചകോടികളിലും എല്ലാ അംഗരാജ്യങ്ങളുടേയും ഉന്നതതല പങ്കാളിത്തം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ഉച്ചകോടിയിൽ നിന്ന് ഖത്തർ അമീർ വിട്ടുനിന്നു. അതിന് മുൻപ് കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തപ്പോൾ മറ്റുള്ളവർ മാറിനിന്നു. പത്തിനു റിയാദിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ എല്ലാഅംഗരാജ്യങ്ങളുടെ ഉന്നതതല പങ്കാളിത്തമുണ്ടാകുമെന്നു കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല വ്യക്തമാക്കി. ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുഎഇയും സൌദിയും പങ്കെടുക്കാൻ തീരുമാനിച്ചത് മഞ്ഞുരുകലിൻറെ സൂചനയായിരുന്നു. ഇതിനു പിന്നാലെയാണ് ജിസിസി ഉച്ചകോടിയിലും സൌഹൃദാന്തരീക്ഷം ഉയരുന്നത്. സൌദി ഭരണാധികാരി സൽമാൻ രാജാവാണ് അംഗരാജ്യങ്ങളെ റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത്.