ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിൽ ഇനി അബുദാബിക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിൽ അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. അബുദാബിയിലെ ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിങ്ങും പൊതുജനങ്ങൾക്കായി തുറന്നു. യു.കെ സ്വദേശിയായ എൺപത്തിയഞ്ചുകാരി ഗ്ളെൻ മിൽസ് ആവേശത്തോടെ പറന്നാണ് സ്കൈ ഡൈവിങ് ഉദ്ഘാടനം ചെയ്തത്.

യു.എ.ഇയിലെ റോക്ക് ക്ലൈംബിംങ് പ്രേമികൾക്കും വിനോദസഞ്ചാരികൾക്കുമായാണ് യാസ് ദ്വീപിലെ  പുതിയ സാഹസിക വിനോദ കേന്ദ്രം തുറന്നത്.  ലോകത്തിലെ ഏറ്റവും നീളംകൂടിയ ഇൻഡോർ ക്ലൈമ്പിങ് മതിലായ ദ സമ്മിറ്റിനു 141 അടിയാണ് ഉയരം.  32 മീറ്റർ ഉയരത്തിലും 10 മീറ്റർ വീതിയിലും ലോകത്തിലെ ഏറ്റവും വലിയ ഫ്ലൈറ്റ് ചേംബറും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

അബുദാബിയിലെ ആദ്യ ഇൻഡോർ സ്കൈ ഡൈവിങ് കേന്ദ്രവും ഇതിനോടനുബന്ധിച്ചു തുറന്നു. സാഹസികതയ്ക്കും വിനോദത്തിനും പ്രായം തടസമല്ലെന്നു ഓർമപ്പെടുത്തി യു.കെ സ്വദേശിയായ എൺപത്തിയഞ്ചുകാരി  ഗ്ളെൻ മിൽസ് ആവേശത്തോടെ സ്കൈ ഡൈവിങ് ചെയ്താണ് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തതത്.

ലോകോത്തര നിലവാരത്തിൽ 36.7 കോടി ദിർഹം ചെലവിലാണ്  വിനോദകേന്ദ്രത്തിൻറെ നിർമാണം. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. ക്ലൈമ്പിങ്ങിനു 100 ദിർഹവും സ്കൈ ഡൈവിങ്ങിനു 215 ദിർഹവുമാണു നിരക്ക്.