സൗദി-യുഎഇ സംയുക്ത സംരംഭം മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയിൽ നിർമിക്കാനൊരുങ്ങുന്ന എണ്ണ ശുദ്ധീകരണശാല, എണ്ണമേഖലയിൽ വൻമുന്നേറ്റത്തിനു കാരണമാകുമെന്നു യുഎഇയും സൌദി അറേബ്യയും. സൌദി കിരീടാവകാശി, അബുദാബി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്തു. സൗദിയും യു.എ.ഇയും സംയുക്തമായാണ് ഇന്ത്യൻ പദ്ധതിയിൽ മുതൽമുടക്കുന്നത്.

നിർമിക്കാനിരിക്കുന്ന 70 ബില്യൺ ഡോളറിൻറെ എണ്ണ ശുദ്ധീകരണശാലാ പദ്ധയെക്കുറിച്ചു സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച ചെയ്തു. ആദ്യം 44 ബില്യൺ ഡോളർ ചെലവു പ്രതീക്ഷിച്ച പദ്ധതി പിന്നീട് 70 ബില്യൺ ഡോളർ പദ്ധതിയായി ഉയർത്തിയിരുന്നു. റിഫൈനറി, പെട്രോ കെമിക്കൽ കോംപ്ലക്‌സ്‌ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായതായി ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

പദ്ധതി നിലവിൽ വരുന്നതോടെ ഇന്ത്യൻ എണ്ണ വിപണിയിൽ സൗദി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ആറു ലക്ഷം ബാരൽ പ്രതിദിന എണ്ണ  ഭദ്രമാക്കപ്പെടുമെന്നാണ് കരുതുന്നത്. സൗദി അരാംകോയും അഡ്നോക്കും ചേർന്ന് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. പെട്രോകെമിക്കൽ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് സൗദിയും യു.എ.ഇയും ആവർത്തിച്ചു. ഒറ്റ ഘട്ടത്തിൽ പൂർത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായിരിക്കും മഹാരാഷ്ട്രയിലേത്.