സ്കാ ഫോൾഡിൽ തൂങ്ങിയാടി തൊഴിലാളികൾ; രക്ഷകരായത് യുവതികൾ

ദൈവത്തിന്റെ കൈകളെന്നാകും ആ കരങ്ങളെ രക്ഷപെട്ട തൊഴിലാളികൾ വിശേഷിപ്പിക്കുന്നുണ്ടാകുക. സമയോചിതമായിരുന്നു അവരുടെ വരവും ഇടപെടലും. പിടിവിട്ടുപോകുമെന്നു കരുതിയ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അജ്മാനിലെ ഈ തൊഴിലാളികൾ. 

ബുധനാഴ്ച രാവിലെയാണ് സംഭവം. ബഹുനിലക്കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന രണ്ട് ശുചീകരണതൊഴിലാളികളുടെ ജീവനാണ് അപകടത്തിൽ പെട്ടത്. ഇലക്ട്രിക് സ്കാ ഫോൾഡിൽ കയറി നിന്നാണ് തൊഴിലാളികൾ കെട്ടിട ചില്ലുകൾ ശുചീകരിച്ചിരുന്നത്. കാറ്റിൽ ഈ സ്കാ ഫോൾഡറുകൾ ഉലയുകയായിരുന്നു. താഴേക്കു പതിക്കുമെന്ന് മനസിലാക്കി കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലുള്ള മൊറോക്കൻ, ഗ്രീസ് സ്വദേശികളായ യുവതികളാണ് രക്ഷക്കെത്തിയത്. ഇവർ ജനൽ തുറന്ന് സ്കാ ഫോൾഡ് കൈ കൊണ്ട് കെട്ടിടവുമായി ചേർത്ത് പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നതുവരെ രണ്ട് ജീവനുകൾ ഇവർ ചേർത്തുപിടിച്ചു. 

യുവതികൾക്ക് നിസ്സാര പരുക്ക് പറ്റിയെങ്കിലും തൊഴിലാളികൾ ഒരു പോറലുമേൽക്കാതെയാണ് താഴെയിറങ്ങിയത്.