ഒറ്റരാത്രിയിൽ 7 മക്കളെ നഷ്ടപ്പെട്ട അമ്മയെ തേടി ആശ്വാസം; കേസ് തള്ളി

ഒറ്റരാത്രിയിൽ 7 മക്കളെ നഷ്ടപ്പെട്ട അമ്മയെ തേടി ഒടുവിൽ ആശ്വാസം.  ഇവർക്കെതിരായ കേസ് കോടതി തള്ളി. വീട്ടിലുണ്ടായ തീപിടിത്തത്തിലാണ് എമിറാത്തി മാതാവിന് ഏഴു മക്കളെ നഷ്ടപ്പെട്ടത്. 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാൽപതുകാരിയായ സലീമ അൽ സുരൈദി എന്ന സ്ത്രീയ്ക്കെതിരെ 2016ലെ വദീമ നിമയം അനുസരിച്ചാണ് കുറ്റം ചുമത്തിയത്. യുഎഇയിൽ കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കുക. അവരെ ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താലാണ് ഈ കുറ്റം ചുമത്തുക. മാതാവ് കുട്ടികളെ മുറിയിൽ പൂട്ടിയതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ശ്വാസം മുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. 2014–ൽ സലീമയുടെ ഭർത്താവ് ക്യാൻസർ ബാധിതനായി മരിച്ചിരുന്നു. തുടർന്ന് കുട്ടികളെ വളർത്തിയത് തനിച്ചാണ്. 

ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചപ്പോൾ വലിയ രീതിയിൽ പുക ഉയർന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കുട്ടികൾ എല്ലാവരും ഒരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. പുലർച്ചെ 4.50ന് ആണ് തീപിടിത്തവും അതേ തുടർന്ന് വലിയ പുകയും ഉയർന്നത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയതിനാൽ ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ദാരുണമായി മരിച്ചത്.

മക്കളെ നഷ്ടപ്പെട്ട വേദനയിൽ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്ന് വിധി അറിഞ്ഞതിനു ശേഷം സലീമ പറഞ്ഞു. ''കോടതിവിധിയിൽ സന്തോഷമുണ്ട്. പക്ഷേ, എന്റെ മക്കളെല്ലാം മരിച്ചു. അവർക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. അവർ സന്തോഷത്തോടെ സ്വർഗത്തിൽ ജീവിക്കുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്'' സലീമ പറഞ്ഞു. തനിക്കൊപ്പം നിന്ന എല്ലാവരോടും മാതാവ് നന്ദി അറിയിച്ചു. ''എല്ലാം ദൈവത്തിന്റെ നിയോഗമാണ്. ഞാൻ അതിൽ വിശ്വസിക്കുന്നു. എല്ലാ ദിവസവും ഞാൻ പ്രാർഥിക്കാറുണ്ട്, വേദന നിയന്ത്രിക്കാനുള്ള ശക്തി തരാൻ. ഏഴു മക്കളെ ഒരുമിച്ച് നഷ്ടപ്പെടുന്ന ഒരു മാതാവിന്റെ വേദന എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല'', സലീമ കൂട്ടിച്ചേര്‍ത്തു.