പ്രവാസികളുടെ ജീവിതം പറഞ്ഞ് 'ദുബായ്പ്പുഴ'; ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി

പത്തേമാരിയില്‍ കയറി ദുബായില്‍ പോയി കഷ്ടപ്പെട്ട പ്രവാസികളുടെ കഥപറയുന്ന ദുബായ്പ്പുഴ പുസ്തകം ഇംഗ്ലിഷിലും പുറത്തിറങ്ങി. എഴുത്തുകാരനും പ്രസാധകനുമായ തൃശൂര്‍ സ്വദേശി കൃഷ്ണദാസ് രചിച്ച ദുബായ്പ്പുഴ പുസ്തകമാണ് ഇരുപതാം പതിപ്പ് കൂടി പിന്നിട്ട് നേട്ടംകുറിച്ചത് 

ഗ്രീന്‍ബുക്സ് ഉടമ കൃഷ്ണദാസ് രചിച്ച ദുബായ്പ്പുഴ പുസ്തകം പ്രവാസികളുടെ കഷ്ടപ്പാടിന്‍റെ കഥയാണ് പറയുന്നത്. ഇരുപതു വര്‍ഷം മുമ്പാണ് ഈ പുസ്തകം രചിച്ചത്. അന്ന്, പുസ്തകത്തില്‍ എഴുതിയത് മുപ്പതുവര്‍ഷം മുമ്പത്തെ ദുബായിലെ അവസ്ഥയാണ്. നിലവില്‍, അന്‍പതു വര്‍ഷം മുമ്പ് എങ്ങനെയായിരുന്നോ ദുബായ് അതാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പത്തേമാരിയില്‍ കയറി കേരളം വിട്ട മലയാളികള്‍ ദുബായില്‍ അധ്വാനിച്ച് പണമുണ്ടാക്കിയ കഥ. ജീവിതത്തിലെ നല്ലകാലം ദുബായ് പുഴയുടെ തീരത്ത് വിയര്‍പ്പൊഴുക്കേണ്ടി വന്ന ഒട്ടേറെ പ്രവാസികളുടെ കഥ.... തുടങ്ങി ദുബായ് പുഴ പറയുന്നത് കേരളത്തിലെ പ്രവാസികളുടെ ദുബായ് ചരിത്രം കൂടിയാണ്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ് കൃഷ്ണദാസ്. ദുബായില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. കടലിരമ്പങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രശസ്ത നോവലാണ്. ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്നു, മരുഭൂമിയുടെ ജാലകങ്ങള്‍ തുടങ്ങിയവയാണ് മറ്റുകൃതികള്‍.