ഒരുരാത്രിയിൽ ഇൗ ഉമ്മയ്ക്ക് നഷ്ടമായത് ഏഴുമക്കളെ; ഇന്ന് ശിക്ഷ കാത്ത് കോടതിയിൽ

gulf-amma-child
മരിച്ച കുട്ടികളിൽ ചിലർ വീട്ടിലെ ഒരു പരിപാടിക്കിടെ (ഫയൽ ചിത്രം)
SHARE

തീപിടിത്തത്തിൽ ഏഴു മക്കൾ മരിച്ച കേസുമായി ബന്ധപ്പെട്ട് മാതാവിനെതിരായ കേസ് ദിബ അൽ ഫുജൈറ കോടതിയുടെ പരിഗണനയിൽ. മാതാവ് കുട്ടികളെ മുറിയിൽ പൂട്ടിയതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ശ്വാസം മുട്ടി മരിച്ചതെന്നാണ് കേസ്. രണ്ടു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളെ അവരുടെ മുറിയിൽ പൂട്ടിയത് മാതാവാണ്. ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചപ്പോൾ വലിയ രീതിയിൽ പുക ഉയർന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

കുട്ടികൾ എല്ലാവരും ഒരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. പുലർച്ചെ 4.50ന് ആണ് തീപിടിത്തവും അതേ തുടർന്ന് വലിയ പുകയും ഉയർന്നത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയതിനാൽ ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. 

അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ദാരുണമായി മരിച്ചത്. കൂട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 18ന് വിധിപറയുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശ്രദ്ധനേടിയ സംഭവമായിരുന്നു ഇത്. കൂട്ടികളുടെ ദാരുണ മരണത്തെ തുടർന്നാണ് രാജ്യത്തെമ്പാടും വീടുകളിൽ പുകസൂചി (സ്മോക്ക് ഡിറ്ററ്റേഴ്സ്) സ്ഥാപിക്കണമെന്ന ക്യാംപയിൻ നടന്നത്. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടിയും സ്വീകരിച്ചിരുന്നു. 

ഹൃദയം തകർന്ന് അമ്മ

ശസ്തക്രിയയ്ക്ക് വിധേയമായതിനാൽ ഡോക്ടർ നിർദേശിച്ച വേദന സംഹാരി കഴിച്ചു ഗാഢനിദ്രയിലായ മാതാവ് വീടിനു തീ പിടിച്ചതും പുക ശ്വസിച്ചു കുട്ടികൾ മരിച്ചതും അറിയാൻ വൈകിയിരുന്നു. മനസ്സും ശരീരവും മരവിപ്പിച്ച വിധിയുടെ ആ രാത്രി കണ്ണീര്‍ വാര്‍ക്കാതെ ഓർക്കാൻ പോലും ആ അമ്മയ്ക്ക് ആവുന്നില്ല. 

മക്കൾ നഷ്ടപ്പെട്ട ശേഷം ആ ദിവസത്തെ കുറിച്ച് മാതാവ് പറഞ്ഞത്: ‘ശക്തമായ ശ്വാസതടസ്സം മൂലം പുലർച്ചെയാണ് ഉണരുന്നത്. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രമാണ് മുന്നിൽ. അരികിലുള്ള മൊബൈൽ തപ്പിയെടുത്ത് വെളിച്ചം കത്തിച്ചു. തൊട്ടരികിൽ മൂത്തമകൾ ഷൗഖ് ഉറങ്ങുന്നുണ്ട്. പക്ഷേ, അവളുടെ കണ്ണ് തുറന്ന നിലയിലാണ്. പുകശ്വസിച്ചു അവൾ മരിച്ചിരുന്നതായി മരവിച്ച ശരീരത്തിൽ നിന്നും വ്യക്തമായി. വെപ്രാളത്തോടെ ഇരട്ടകളായ സാറയും സുമയ്യയും കിടക്കുന്ന മുറിയിലേക്ക് ഓടി. 

തീ മൂലം മുറികളിൽ പടർന്ന പുക ഇരുവരെയും മരണത്തിന്റെ പിടിയിൽ അമർത്തിയിരുന്നു. ഓരോ നിമിഷവും അരണ്ടവെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകൾ ശരീരം തളർത്തുന്നതായിരുന്നു. പിന്നീട് മകൾ ഷെയ്‌ഖ കിടക്കുന്ന മുറിക്ക് സമീപമെത്തി. അവസാന ശ്വാസവും വലിച്ചവൾ മരണവുമായി മല്ലിടുന്നതാണ് കണ്ടത്. പേടിയും പരിഭ്രാന്തിയും പേറി ഓടിയത് ആൺകുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. ഖലീഫയും അഹ്മദും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയതു നടുക്കത്തോടെ കണ്ടു. ജീവൻ അല്‍പ്പം അവശേഷിച്ചിരുന്ന അലിയുടെയും ഷെയ്‌ഖയുടെയും മേൽ വെള്ളമൊഴിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ അവരും എന്നന്നേക്കുമായി കണ്ണുകള്‍ അടച്ചു’.

MORE IN GULF
SHOW MORE
Loading...
Loading...