പർദ ധരിച്ചെത്തി മോഷണം; പിന്നീട് ചുറ്റിക്കറങ്ങി; നിമിഷങ്ങൾക്കകം പൊക്കി ദുബായ് പൊലീസ്

gulf-theft-arrset
SHARE

സ്ത്രീയുടെ വസ്ത്രം ധരിച്ചെത്തി 30 ലക്ഷം ദിർഹം അപഹരിച്ച പ്രതിയെ മിനിറ്റുകൾക്കുള്ളിൽ പൊലീസ് പിടികൂടി. കവർച്ച നടത്തി 47 മിനിറ്റുകൾക്കുള്ളിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മേഖലയിൽ കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സംഘത്തിലെ അംഗമാണ് പിടികൂടിയയാൾ.

യൂറോപ്പുകാരനായ  വ്യാപാരിയുടെ താമസ കേന്ദ്രത്തിലാണ് ഇയാൾ കവർച്ച നടത്തിയത്. വ്യാപാരി തന്റെ ഭാര്യ ഗർഭിണിയായതിനെ തുടർന്ന് യൂറോപ്പിലേക്ക് തിരിച്ചിരുന്നു. ഇതു മനസിലാക്കിയ പ്രതി ഇവരുടെ താമസകേന്ദ്രത്തിൽ പർദ്ദ ധരിച്ചെത്തി കവർച്ച നടത്തുകയായിരുന്നു. ഇതിന് ശേഷം പർദ്ദ മാറ്റിയ പ്രതി താമസ–  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങി. സംഘത്തെ കുറിച്ച് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പ്രതിയെ പെട്ടെന്ന് തന്നെ വലയിലാക്കുകയായിരുന്നു. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയുടെ ബാഗിൽ നിന്നു വിലപ്പിടിപ്പുള്ള വാച്ചുകളും പണവും കണ്ടെത്തി. പ്രതി ഒളിപ്പിച്ചു വച്ച മറ്റൊരു ബാഗും കണ്ടെത്തി. ഇതിൽ നിന്ന് ലോഹ തകിടുകൾ  പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് കട്ടറും  കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ പ്രതിയെ കീഴടക്കിയ അന്വേഷണ സംഘത്തെ ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രകീർത്തിച്ചു.  

കവർച്ചക്കാരെ കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചു പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഓർഗനൈസ് ക്രൈം ഡിപ്പാർട്മെന്റിനായി പ്രവർത്തിക്കുന്ന രഹസ്യ വിവര കൈമാറ്റ ഗ്രൂപ്പിൽ നിന്നാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രേത്യേക അന്വേഷണ സംഘത്തെ വിവിധ ഗ്രൂപ്പുകളാക്കി അന്വേഷണം വ്യാപിപ്പിച്ചുവെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ സാലം അൽ ജലഫ് പറഞ്ഞു. 

ദുബായിലെ  താമസക്കാർ വിദേശങ്ങളിലേയ്ക്ക് യാത്ര പോകുമ്പോഴോ മറ്റിടങ്ങളിലേക്കു വീടുകൾ അടച്ച് പോകുമ്പോഴോ ദുബായ് പൊലീസിന്‍റെ ഹൗസിങ് സെക്യൂരിറ്റി പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യണം. ഭവനങ്ങളിൽ  ധനം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ അലമാരകളിൽ സൂക്ഷിച്ചു  അവധിക്ക് പോകരുത്. ഇത്തരം വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്ക് സൈഫുകളിൽ പ്രത്യേകം സൂക്ഷിക്കണമെന്നും അദ്ദേഹം താമസക്കാരോട് ആവശ്യപ്പെട്ടു. 

MORE IN GULF
SHOW MORE
Loading...
Loading...