ഖത്തറിലേക്ക് ലഹരി കടത്ത്; കാരിയർമാർക്ക് നൽകുന്നത് ലക്ഷങ്ങൾ, വീസ, ടിക്കറ്റ്

drugs-qatar
SHARE

പെരിന്തൽമണ്ണ: ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താൻ ലക്ഷങ്ങൾ പ്രതിഫലം നൽകുന്നതായി പൊലീസ്. 3 ലക്ഷം വരെ പണവും വീസയും ടിക്കറ്റും കാരിയർമാർക്ക് നൽകും. ഹാ‍ൻഡ് ബാഗിലെ രഹസ്യ അറയിലാണ് ലഹരിമരുന്ന് സൂക്ഷിക്കുന്നത്. പരിശോധനയിൽ കണ്ടെത്താതിരിക്കാൻ സർജിക്കൽ ക്ലോത്തിൽ പൊതിഞ്ഞാണ് ഇവ സൂക്ഷിക്കുന്നത്. ഖത്തറിൽ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൊടുക്കും. പിടിക്കപ്പെടാതിരിക്കാൻ വിദഗ്ധമായി പാക്കിങ്ങും മറ്റും ചെയ്‌തു കൊടുക്കാനും പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് എഎസ്‌പി രീഷ്‌മ രമേശൻ പറഞ്ഞു.

എംഡിഎംഎ, ബ്രൗൺ ഷുഗർ, കഞ്ചാവ്, ഹഷീഷ് തുടങ്ങിയവ ഇത്തരത്തിൽ വിദേശത്തേക്കു കടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഖത്തറിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി എഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ സംഘം നടത്തിയ നിരീക്ഷണത്തിലാണ് കാരിയർമാർക്ക് ലഹരിമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ചു കൈമാറുന്ന ലഹരി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും എഎസ്‌പി അറിയിച്ചു. എഎസ്‌പിക്കു പുറമേ സിഐ വി.ബാബുരാജ്, എസ്‌ഐ മഞ്ജിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‌ണകുമാർ, എം.മനോജ് കുമാർ, കബീർ, ബിപിൻ, മോഹൻദാസ് പട്ടേരിക്കളം, സുകുമാരൻ, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...