ഷാർജ രാജ്യന്തര പുസ്തകമേളക്കു തുടക്കം; 81 രാജ്യങ്ങളുടെ പങ്കാളിത്തം

sharjah-book-fest
SHARE

ഷാർജ രാജ്യന്തര പുസ്തകമേളയുടെ മുപ്പത്തിയെട്ടാം പതിപ്പിനു തുടക്കം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയടക്കം എൺപത്തിയൊന്നു രാജ്യങ്ങളാണ് പുസ്തകമേളയുടെ ഭാഗമാകുന്നത്.

പ്രവാസലോകത്ത് ഇനി 11 നാൾ അക്ഷരങ്ങളുടെ ആഘോഷം. തുറന്ന പുസ്തകം തുറന്ന മനസ് എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് അൽ താവുനിലെ എക്സ്പോ സെൻ്ററിൽ തിരിതെളിഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയിൽ 2000ത്തിലേറെ പ്രസാധകരിലൂടെ രണ്ടുകോടിയിലധികം പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. നൂറ്റിയൻപതോളം ഇന്ത്യൻ പ്രസാധകർ മേളയുടെ ഭാഗമാണ്. രാവിലെ നടന്ന ഉൽഘാടന ചടങ്ങിൽ പ്രശസ്ത തുര്‍ക്കി സാഹിത്യകാരനും നൊബേല്‍ ജേതാവുമായ ഒര്‍ഹാന്‍ പാമുക്, അമേരിക്കന്‍ നടന്‍ സ്റ്റീവ് ഹാര്‍വി എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.

ഹിന്ദി കവിയും ഗാനരചയിതാവുമായ ഗുൽസാർ, ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരായ വിക്രം സേത്, അനിത നായർ, മലയാളത്തിൽ നിന്നു ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, നടൻ ടൊവീനോ തോമസ് തുടങ്ങിയവരും മേളയുടെ ഭാഗമാകുന്നുണ്ട്. നവംബർ 9ന് പുസ്തകമേള സമാപിക്കും വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 മുതൽ രാത്രി 11 വരെയുമാണ് സൗജന്യ പ്രവേശനം.

MORE IN GULF
SHOW MORE
Loading...
Loading...