സാങ്കേതിക വിദ്യയുടെയും ആർഭാടത്തിന്റെയും സമന്വയം; വിസ്മയമായി ബോട്ട്ഷോ

boat-17
SHARE

നൂതന സാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിപ്പിച്ച ഏറ്റവും പുതിയബോട്ടുകളുമായി അബുദാബി അന്തരാഷ്ട്ര ബോട്ട് ഷോ.  ഇരുപത്തിയഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 280 ഓളം ബോട്ടുകമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്തു. ആഢംബര ബോട്ടുകള്‍, യാട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ട് തുടങ്ങി മീന്‍പിടിക്കാൻ ആവശ്യമായ നൂതന ഉപകരണങ്ങൾ വരെ ഒരു കൂരയ്ക്കു കീഴിൽ. നൂതനസാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം.

അമേരിക്ക, ബ്രിട്ടൺ, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, കാനഡ തുടങ്ങി25 രാജ്യങ്ങളിൽനിന്നുള്ള 284 ഓളം കമ്പനികളാണ് ബോട്ട് ഷോയുടെ ഭാഗമാകുന്നത്. ആഡംബര ബോട്ടുകൾ, ഉല്ലാസ നൌകകൾ, വാട്ടർ സ്പോർട്സ്, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും പരിചയപ്പെടാനും അവസരമുണ്ട്. അബുദാബി നാഷനൽ എക്സിബിഷനോട് ചേർന്നുള്ള അഡ്നക് മറീനയിൽ ആറ് മീറ്റർ ആഴമുള്ള കനാലിൽ 31,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് .  

മീൻപിടുത്തത്തിനുപയോഗിക്കുന്ന പരമ്പരാഗത വല മുതൽ ഏറ്റവും നവീനമായ സാങ്കേതിക വിദ്യകൾ വരെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഓളപ്പരപ്പിനെ കീറിമുറിക്കുന്ന സ്പീഡ് ബോട്ടുകളുടെ നിർമിതി  മനസിലാക്കാനും അവസരമുണ്ട്. അബുദാബി വിഷന്‍ 2030ന്‍റെ ഭാഗമായി നടന്ന ബോട്ട് ഷോയോടനുബന്ധിച്ച് ജലകായികമേളയും സംഘടിപ്പിച്ചു. വെള്ളത്തിലൂടെ തലങ്ങും വിലങ്ങും നടത്തിയ അഭ്യാസപ്രകടങ്ങൾ തലസ്ഥാനവാസികൾക്കു ആവേശമായി.

അബുദാബി സിവിൽ ഡിഫൻസിൻറെ പ്രതിരോധബോട്ടുകൾ നേരിട്ടുകാണാനും അവസരമുണ്ട്. സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബോർഡ് ചെയർമാനും  അബുദാബി സ്പോര്‍ട്സ് കൌണ്‍സിൽ ചെയർമാനുമായ ഷെയ്ഖ്  നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻറെ രക്ഷാകർതൃത്വത്തിൽ ആണ് ബോട്ട് ഷോ സംഘടിപ്പിച്ചിരിക്കുന്നത് . അഡ്നക് മറീനയിൽ മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് പ്രദർശനം കാണാനെത്തുന്നത്.    

MORE IN GULF
SHOW MORE
Loading...
Loading...