ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. അടിസ്ഥാനസൗകര്യവികസനം അടക്കമുള്ള മേഖലകളിൽ നൂറു കോടി യുഎസ് ഡോളറിൻറെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൌദി സന്ദർശിക്കാനിരിക്കെയാണ് നിർണായക തീരുമാനം.

ഇന്ത്യയുമായി മികച്ചതും ദീർഘവുമായ ബന്ധം തുടരാനാഗ്രഹിക്കുന്നതിൻറെ ഭാഗമായാണ് വ്യവസായനിക്ഷേപത്തിനൊരുങ്ങുന്നതെന്നു ഇന്ത്യയിലെ സൌദി സ്ഥാനപതി സൌദ് ബിൻ മുഹമ്മദലി സാദി വ്യക്തമാക്കി. പെട്രോകെമിക്കൽ, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ്, ഊർജം, കാർഷികം,  തുടങ്ങിയ മേഖലകളിലാണ് ഏഴു ലക്ഷം കോടിരൂപയുടെ നിക്ഷേപം. ഇന്ത്യയും സൗദിയും തമ്മിൽ 40 രംഗങ്ങളിൽ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വൻ നിക്ഷേപത്തിനു വഴിയൊരുങ്ങുന്നത്. സൗദി അരാംകോയും റിലയൻസുമായുള്ള പങ്കാളിത്തം ഇന്ത്യയുമായുള്ള സൗദിയുടെ ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കിയെന്നു സൌദ് ബിൻ മുഹമ്മദലി സാദി പറഞ്ഞു. അടുത്തമാസം 27,28 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൌദി സന്ദർശിക്കുന്നത്. വ്യാപാരവ്യവസായ രംഗങ്ങളിലടക്കം വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന.