വിമാനത്തിൽ സഹയാത്രികന്റെ വിസർജ്യം കോരി; പരിചരിച്ചു; മനസ് കവർന്ന് യുവാവ്; പക്ഷേ..

രോഗബാധിതനായ ആലിക്കോയ വിമാനത്തിൽ, മുഹമ്മദ് റഫീഖ്

‘പിന്നെ.. ഞാൻ മറ്റൊന്നും ആലോചിച്ചില്ല, യാത്രക്കാർ ആരും കാണാതെ അദ്ദേഹത്തിന്റെ വിസർജ്യം കോരിയെടുത്തു ഒരു കവറിലാക്കി. നമ്മളും മനുഷ്യരല്ലേ, ഇതുപോലെ ഇടയ്ക്കിടെ ആകാശത്തൂടെ യാത്ര ചെയ്യാറുള്ളതല്ലേ, നാളെ നമുക്കും ഇതുപോലെ സംഭവിക്കില്ലെന്ന് ആരറിഞ്ഞു..!’- വിമാന യാത്രയിൽ ഒപ്പമുണ്ടായിരുന്ന അപരിചിതൻ പെട്ടെന്ന് രോഗബാധിതനായപ്പോൾ അയാളെ ആരെന്നോ എന്തെന്നോ നോക്കാതെ ആത്മാർഥമായി പരിചരിച്ച മലയാളി യുവാവിന്റെ വാക്കുകളാണിത്. ഖത്തറിൽ ബിസിനസുകാരനായ കാസർകോട് വിദ്യാനഗർ, എരുതുംകടവ് സ്വദേശി കെ.പി. മുഹമ്മദ് റഫീഖാ(38)ണ് എയർ ഇന്ത്യാ അധികൃതരുടേതടക്കമുള്ളവരുടെ മനം കവർന്നത്. ‌‌

ഇൗ മാസം 22നായിരുന്നു സംഭവം. വൈകിട്ട് 5.30ന് മംഗലാപുരത്ത് നിന്ന് ഖത്തറിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു മുഹമ്മദ് റഫീഖും കാസർകോട് ചെട്ടുംകുഴിയിൽ സ്ഥിര താമസക്കാരനായ കോഴിക്കോട് തെക്കുംതലപറമ്പിൽ ആലിക്കോയ(63)യും. വിമാനം പറക്കാൻ തുടങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പിൻസീറ്റിലിരിക്കുകയായിരുന്ന ആലിക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുറേ ഛർദിക്കുകയും മലമൂത്ര വിസർജനമുണ്ടാവുകയും ചെയ്തു. പിന്നീട് ബോധം നശിച്ചു. രോഗബാധിതനാണെന്ന് മനസിലാക്കിയതോടെ മറ്റൊന്നും ആലോചിക്കാതെ മുഹമ്മദ് റഫീഖ് ഇയാളെ പരിചരിക്കുകയായിരുന്നു. 

മലമൂത്ര വിസർജ്യം കോരിയെടുത്ത് കവറിലാക്കുകയും ആശ്വാസവാക്കുകൾ ചൊരിയുകയും ചെയ്തുകൊണ്ടിരുന്നു. യാത്രക്കാരിലൊരാളായ ഡോക്ടർ പരിശോധിച്ചപ്പോൾ രക്തസമ്മർദം കുറഞ്ഞതായും ഹൃദയമിടിപ്പിൽ വ്യത്യാസമുള്ളതായും കണ്ടെത്തി. ഉടൻ തന്നെ വിമാനം ഏറ്റവും അടുത്തെ മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ആംബുലൻസിൽ കയറ്റി കൊണ്ടുപോകും വരെ മുഹമ്മദ് റഫീഖ് വിമാന ജീവനക്കാർക്കൊപ്പം സഹായത്തിനുണ്ടായിരുന്നു. കൂടെ ആശുപത്രിയിൽ പോകണമെന്നുണ്ടായിരുന്നെങ്കിലും വീസാ പ്രശ്നം കാരണം സാധിച്ചില്ലെന്ന് മുഹമ്മദ് റഫീഖ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

അപ്പോഴൊക്കെയും വിമാന ജീവനക്കാരും മറ്റു യാത്രക്കാരും കരുതിയത് മുഹമ്മദ് റഫീഖ് അദ്ദേഹത്തിന്റെ മകനാണെന്നായിരുന്നു. അപരിചിതനായ സഹയാത്രികൻ മാത്രമാണെന്നറിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെടുകയും മുഹമ്മദ് റഫീഖിനെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ഖത്തർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ അവിടെയും എയർ ഇന്ത്യാ അധികൃതർ റഫിയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് അഭിനന്ദനം കൊണ്ട് വീർപ്പുമുട്ടിച്ചു. പിന്നീട്, സംഭവമറിഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ അത് വൈറലായി. ഇപ്പോൾ എല്ലായിടത്തും നിന്നും ഇൗ യുവാവ് അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

താമസ സ്ഥലത്തെത്തിയിട്ടും മുഹമ്മദ് റഫീഖിന്റെ മനസ്സ് ആ അപരിചിതനായ മനുഷ്യന്റെ കൂടെ തന്നെയായിരുന്നു. അദ്ദേഹത്തിന് ഒരാപത്തും വരുത്തരുതേ, ജീവിതത്തിലേയ്ക്ക് തിരിച്ചുവരണേ എന്ന് പ്രാർഥിച്ചുകൊണ്ടിരുന്നു ഉറങ്ങാൻ കിടന്നത്. പക്ഷേ, രാവിലെ എണീറ്റപ്പോൾ എതിരേറ്റത് ഉള്ളുലയ്ക്കുന്ന ആ വാർത്തയാണ്– ആ മനുഷ്യൻ ആശുപത്രിയിൽ നിര്യാതനായി. 

എയർ ഇന്ത്യാ എക്സ്പ്രസിലെ എയർ ഹോസ്റ്റസുമാരുടെ ആ സമയത്തെ സേവനം വിലമതിക്കാനാകാത്തതാണെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു. നമ്മൾ എയർ ഇന്ത്യാ എക്സ്പ്രസിനെ പലപ്പോഴും കുറ്റം പറയുകയും പഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു യാത്രക്കാരൻ രോഗബാധിതനായപ്പോൾ അവരുടെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. വർഷങ്ങളായി ഖത്തറിൽ ബിസിനസ് നടത്തുന്ന മുഹമ്മദ് റഫീഖ് അവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴായിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമുണ്ടായത്. ആലിക്കോയ കഴിഞ്ഞ 40 വർഷമായി ഖത്തറിൽ കോടതി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യമാർ: റസീഖ കോഴിക്കോട്, അലീമ ബാങ്കോട്. മക്കൾ: നിസാം (ഖത്തർ), താജുദ്ദീൻ, നജ് മുന്നിസ, അമീറ, അസീറ, ഇബ്രാഹിം ബാദുഷ (ഖത്തര്‍).