കടലിനടിയിൽ കൂറ്റൻ വിമാനം; അമ്പരപ്പിന്റെ കാഴ്ചകൾ; 'ഡൈവ് ബഹ്‌റൈന്‍'

ഒരു കൂറ്റന്‍ ബോയിങ് വിമാനം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു,അമ്പരപ്പിക്കുന്ന കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക്. ബഹ്റൈനിലാണ് ഈ വിസ്മയം.

കൃത്രിമ ദ്വീപ് സമൂഹമായ ദിയാര്‍ അല്‍ മുഹറഖില്‍ കടലിനടിയില്‍ ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് 'ഡൈവ് ബഹ്‌റൈന്‍' എന്ന അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിച്ചെയ്യുന്നത്. 

പാര്‍ക്കിന്റെ മധ്യഭാഗത്തായി കടലില്‍ 20 മീറ്ററോളം താഴ്ചയില്‍ സ്ഥാപിച്ചിരിക്കുന്ന ബോയിങ് 747 ജംബോ ജെറ്റ് വിമാനമാണിത്. കടലിനടിയില്‍ സ്ഥാപിച്ച ഏറ്റവും വലിയ വിമാനമാണിത്. പ്രവര്‍ത്തനം നിലച്ച ഈ വിമാനം ദുബായില്‍ നിന്നു കപ്പലിലാണ് ബഹ്‌റൈനില്‍ എത്തിച്ചത്.

ഡൈവിങ് വൈദഗ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഈ അണ്ടര്‍ വാട്ടര്‍ തീംപാര്‍ക്ക് സന്ദര്‍ശിക്കാനാവൂ. കാരണം ഈ റൈഡ് 45 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ്. മുങ്ങൽ വിദഗ്ധര്‍ക്ക് നല്‍കുന്ന പാഡി സര്‍ട്ടിഫിക്കേഷന്‍ ഇവിടേക്കുള്ള പ്രവേശനത്തിന് ആവശ്യമാണ്. വിനോദസഞ്ചാരികള്‍ക്കായി സ്‌കൂബ ഡൈവിങ് സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിനടിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് സുരക്ഷിതവും ആനന്ദകരവുമായ അനുഭവം സമ്മാനിക്കും വിധമാണ് അണ്ടര്‍ വാട്ടര്‍ പാര്‍ക്കിന്റെ ഘടന. ജെറ്റ് വിമാനത്തോട് ചേര്‍ന്ന് തന്നെ കടല്‍ ജീവികളെ ആകര്‍ഷിക്കുന്നതിനായി കൃത്രിമ പവിഴപുറ്റുകളും പരമ്പരാഗത മുത്തുവാരല്‍ വിദഗ്ധരുടെ വീടുകളുടെ മാതൃകയുമൊക്കെ നിര്‍മിച്ചിട്ടുണ്ട്.

വിമാനം വെള്ളത്തില്‍ ഇറക്കുന്നതിന് മുമ്പ് പ്രത്യേകരീതിയില്‍ സജ്ജമാക്കിയിരുന്നു. വിമാനത്തിന്റേതായ എല്ലാ ഘടനകളും മാറ്റി. പുറംചട്ടമാത്രം നിലനിര്‍ത്തി അകത്തെ വയറുകളും മറ്റ് പ്ലാസ്റ്റിക് ഘടകങ്ങളുമെല്ലാം നീക്കംചെയ്തു. അതിനുശേഷം ബയോ ഫ്രണ്ട്‌ലി ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ കഴുകി അണുവിമുക്തമാക്കിയാണ് ഈ ഭീമന്‍ ജെറ്റ് വിമാനത്തെ വെള്ളത്തില്‍ മുക്കിയിരിക്കുന്നത്. കരയില്‍ നിന്നും ഏകദേശം 24 മീറ്ററോളം താഴ്ചയിലാണ് ഈ വിമാനം സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കടലിന്റെ ആഴത്തിലൂടെയുള്ള കാഴ്ചകൾ ആസ്വദിക്കാനാവും. ആഴക്കൂടുതല്‍ ഉള്ളതിനാലാണ് ഡൈവിങ്ങില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നത്.