ഷാർജ ചലച്ചിത്രോത്സവത്തിന് അടുത്തമാസം തുടക്കം

ഷാർജയിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായുള്ള ഏഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം അടുത്തമാസം കൊടിയേറും. പുസ്തകങ്ങളെ അവലംബിച്ച് നിർമിച്ച ചലച്ചിത്രങ്ങൾ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഇന്ത്യയടക്കം മുപ്പത്തിയൊൻപതു രാജ്യങ്ങളിലെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

അടുത്തമാസം പതിമൂന്നു മുതൽ പതിനെട്ടു വരെ ഷാർജയിലേയും ദുബായിലേയും ഏഴു വേദികളിലായാണ് ചലചിത്രോൽസവം സംഘടിപ്പിക്കുന്നത്. 39 രാജ്യങ്ങളിൽ നിന്നുള്ള 132 സിനിമകൾ പ്രദർശിപ്പിക്കും. കുട്ടികൾക്കും യുവാക്കൾക്കുമുള്ള ചിത്രം, വിദ്യാർഥികൾ നിർമിച്ച ചിത്രം, ജിസിസി ഹ്രസ്വചിത്രം, രാജ്യാന്തര ഹ്രസ്വചിത്രം, അനിമേഷൻ, ഡോക്യുമെൻററി, ഫീച്ചർ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം. 

പന്ത്രണ്ടു ചിത്രങ്ങളുടെ രാജ്യാന്തര പ്രീമിയർ, 75 ചിത്രങ്ങളുടെ മധ്യപൂർവേഷ്യൻ പ്രീമിയർ, പതിനൊന്നു ചിത്രങ്ങളുടെ യുഎഇ പ്രീമിയറുകൾ എന്നിവ പ്രദർശിപ്പിക്കും. ചലച്ചിത്രോൽസവത്തോടനുബന്ധിച്ചു സെമിനാറുകൾ, ശിൽപശാലകൾ, ചർച്ചകൾ, മുഖാമുഖങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഇന്ത്യയിൽ നിന്നടക്കമുള്ള സിനിമാപ്രവർത്തകർ ചലച്ചിത്രോൽസവത്തിൻറെ ഭാഗമാകും.