ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂൾ; മാതൃകയായി ഷാർജ ഇന്ത്യൻ അസോസിയേഷൻ

യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്കൂൾ തുറന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തെ വില്ലയിലാണ് പുഞ്ചിരി എന്നർഥം വരുന്ന അൽ ഇബ്തിസാമ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾ അരികുവൽക്കരിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ഷാർജ ഇന്ത്യൻ അസോസിയേഷൻ പുതിയ സ്കൂൾ തുറന്നത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള അൽ ഇബ്തിസാമ സ്കൂളിൽ ആറു മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 

അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള കണ്ണൂർ സ്വദേശി ജയനാരായണനാണ് പ്രിൻസിപ്പൽ. അധ്യാപകരെല്ലാം മലയാളികളാണ്. രക്ഷിതാക്കൾക്കും സ്കൂളിൽ പരിശീലനം നൽകും. ആദ്യ ഘട്ടത്തിൽ ഉത്തരേന്ത്യക്കാരടക്കം 60 കുട്ടികൾക്കാണ് പ്രവേശനം. കുട്ടികളുടെ യാത്രയ്ക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നു 2 രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ടെന്നു അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൻ അറിയിച്ചു.

ഇന്ത്യൻ അസോസിയേഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ, ബെന്നി ബഹനാൻ എംപി, എം.കെ.മുനീർ എംഎൽഎ  തുടങ്ങിയവർ പങ്കെടുത്തു.