കൊടുംചൂടിൽ നടുറോഡിൽ കുടുങ്ങി മലയാളി; രക്ഷകനായി ദുബായ് പൊലീസ്; നൻമ

dubai-police-help
SHARE

ദുബായ് മലയാളിയുടെ ഭാഗ്യസ്ഥലമാണ്. ജോലിയും ഭാഗ്യവും തേടിയെത്തുന്നവരെ ഇൗ രാജ്യം കൈവിടാറില്ല. ഉദാഹരണങ്ങളേറെയുണ്ട്. ഇതിനൊപ്പമാണ് നല്ല അനുഭവങ്ങൾ സമ്മാനിക്കുന്ന അവിടുത്തെ അധികൃതരും. മലയാളിയായ അബ്ദുൽ വഹാബിന് ദുബായിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായ കഥ ഏറെ ഹൃദ്യമാണ്. നടുറോഡിൽ കൊടും ചൂടിൽ വാഹനത്തിന്റെ ടയർ പൊട്ടി ആരും സഹായിക്കാൻ ഇല്ലാതെ നിൽക്കുമ്പോൾ ഇരു കൈകളും നീട്ടി ആ പൊലീസുകാരൻ എത്തുന്നത്.

ദുബായിൽ താമസിക്കുന്ന അബ്ദുൽ വഹാബിന്റെ വാഹനത്തിന്റെ മുൻ ടയറാണ് പൊട്ടിയത്. വാഹനം റോഡിനു സമീപത്തേക്ക് പാർക്ക് ചെയ്ത അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് മാറ്റാൻ സാധിക്കില്ലായിരുന്നു. കാൽമുട്ടിനുള്ള പ്രശ്നമായിരുന്നു വില്ലനായത്. പലരും വാഹനം നിർത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചെങ്കിലും ആരും പുറത്തുവന്ന് സഹായിച്ചില്ല. കൊടും ചൂടായിരുന്നു പുറത്ത് എന്നതായിരുന്നു കാരണം.

ഈ സമയത്താണ് ഒരു ഓഫിസർ അതുവഴി വാഹനത്തിൽ വന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ബർ ദുബായ് പൊലീസ് സ്റ്റേഷനിലെ ആ ഉദ്യോഗസ്ഥൻ. വഹാബിനെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനം നിർത്തി അടുത്തേക്ക് വരികയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഉടൻ തന്നെ വാഹനത്തിന് അടിയിലേക്ക് കയറി ടയർ ഊരിമാറ്റുകയും പുതിയ ടയർ ഇട്ടുകൊടുക്കുകയും ചെയ്തുവെന്ന് വഹാബ് പറഞ്ഞു. ഷാർജ–അജ്മാൻ റൂട്ടിലെ എമിറേറ്റ്സ് റോഡിലായിരുന്നു സംഭവം. 

‘ആ ഓഫിസർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെന്ന് എനിക്കറിയാം. പക്ഷേ, അപ്പോഴും എന്നെ സഹായിക്കാൻ അദ്ദേഹം കാണിച്ച ഊർജം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ആ ഇടപെടലിനോട് വലിയ നന്ദിയുണ്ട്’– അബ്ദുൽ വഹാബ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ പേര് എന്താണെന്ന് വഹാബ് വെളിപ്പെടുത്തിയില്ല.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...