അബുദാബിയിലെ മലയാളി വീട്ടുഡ്രൈവര്‍ ഇപ്പോള്‍ കോടിപതി; ഭാഗ്യം വന്ന വഴി ഇതാ

dubai-23
SHARE

റീട്ടെയിൽ അബുദാബി (റാഡ്) വ്യാപാര മേളയോടനുബന്ധിച്ചു നടന്ന മാൾ മില്ല്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (1.93 കോടി രൂപ) തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അബ്ദുൽസലാം ഷാനവാസിന്. 22 വർഷമായി യുഎഇയിലുള്ള അബ്ദുൽസലാം (43) അബുദാബിയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

ആദ്യമായാണ് ഭാഗ്യനറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുന്നത്. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന തനിക്ക് ഇത്രയും തുക സ്വപ്നം മാത്രമായിരുന്നുവെന്നും 50 വർഷം ജോലി ചെയ്താൽ പോലും കിട്ടാത്തത്ര തുകയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘1997ൽ നിറെയ പ്രതീക്ഷകൾ മാത്രമായി വെറും കയ്യുമായാണ് ഞാൻ ഇവിടെ എത്തിയത്. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം ആദ്യം ജോലി ചെയ്തത് ഷാർജയിൽ ആയിരുന്നു. എന്നാൽ, കാര്യമായി ഒന്നും സമ്പാദിക്കാൻ സാധിച്ചില്ല. തുടർന്ന് ഒരു സ്വദേശി കുടുംബത്തിന്റെ ഡ്രൈവറായി അബുദാബിയിലേക്ക് വരികയായിരുന്നു’–അബ്ദുൽ സലാം പറഞ്ഞു.

എനിക്കാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചതെന്ന് ഓഗസ്റ്റ് അഞ്ചിനു തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ രഹസ്യമായി സൂക്ഷിക്കാൻ അവർ പറഞ്ഞു. ഞാൻ എന്റെ കുടുംബത്തോടു പോലും പറഞ്ഞില്ല. വലിയൊരു സർപ്രെയ്സ് ഉണ്ടെന്നു മാത്രമാണ് ഭാര്യയോട് പറഞ്ഞത്. എനിക്കിപ്പോൾ ഏഴും പതിനാലും വയസ്സുള്ള രണ്ടു പെൺമക്കളാണ് ഉള്ളത്. അവർ വളരെ സന്തോഷത്തിലാണ് അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച പണം എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിലവിൽ ഉള്ള സമ്പാദ്യം എല്ലാം ചേർത്ത് കുറച്ച് സ്ഥലം വാങ്ങിയിരുന്നു. ഇനി അവിടെ ഒരു വീട് വയ്ക്കണം. കൃത്യ സമയത്താണ് സമ്മാനം ലഭിച്ചത്.

ലൈൻ ഇൻവസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി എൽഎൽസിക്കു കീഴിലുള്ള 8 ഷോപ്പിങ് മാളുകളിൽനിന്നു സാധനങ്ങൾ വാങ്ങിയവരിൽനിന്ന് നറുക്കെടുത്താണ് മെഗാ വിജയിയെ കണ്ടെത്തിയത്. വാരാന്ത്യ നറുക്കെടുപ്പ് ഉൾപ്പെടെ മൊത്തം 15 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണു നൽകിയത്. അൽവഹ്ദ മാൾ, മുഷ്രിഫ് മാൾ, ഖാലിദിയ മാൾ, അൽറാഹ മാൾ, മസ്യദ് മാൾ, സൂഖ് മദീനത് അൽ സായിദ്, അൽഐനിലെ ബറാറി ഔട്ട്ലറ്റ് മാൾ, അൽഫോഹ് എന്നവിടിങ്ങളിലായിരുന്നു സമ്മാന പദ്ധതി.

MORE IN GULF
SHOW MORE
Loading...
Loading...