സുഹൃത്തുക്കൾക്കൊപ്പമെടുത്ത ടിക്കറ്റിൽ 7 കോടി; ദുബായിൽ മലയാളി ഭാഗ്യം തുടരുന്നു

neeraj-wife1
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കുള്ള ഭാഗ്യം തുടരുന്നു. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരി(29)ക്കും ഒൻപത് സുഹൃത്തുക്കളും ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) പങ്കിടും. ജബൽ അലിയിലെ ലോജിസ്റ്റിക് കമ്പനിയിൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറായ നീരജ് സഹപ്രവർത്തകർ കൂടിയായ തൃശൂർ സ്വദേശി റിഹാൻ, കണ്ണൂർ സ്വദേശികളായ ധനേഷ്, ചന്ദ്രൻ, സുനിൽ, ഉല്ലാസ്, രതീഷ് കുമാർ, കൃഷ്ണപ്രസാദ്, തമിഴ്നാട് സ്വദേശി ഷൺമുഖം, പശ്ചിമ ബംഗാൾ സ്വദേശി സിദ്ദ് സരോവർ എന്നിവരുമായി ചേർന്നാണ് സമ്മാന ടിക്കറ്റെടുത്തത്. 

ഒരാൾ 100 ദിര്‍ഹം വീതം 10 പേർ ചേർന്ന് ആയിരം ദിർഹം ടിക്കറ്റിനായി ചെലവഴിച്ചു. കഴിഞ്ഞ നാലു വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന നീരജ് അന്നു തൊട്ട് താൻ ഇടയ്ക്കിടെ കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റെടുക്കുമായിരുന്നുവെന്ന് മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. ജൂലൈ ആദ്യമാണ് ഭാഗ്യം കൊണ്ടുവന്ന 306 സീരീസിലെ 2711 നമ്പർ ടിക്കറ്റെടുത്തത്. രാവിലെ ഒാഫീസില്‍ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ സമ്മാന വിവരവുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി. ആദ്യം വിശ്വസിക്കാൻ തോന്നിയില്ല. പിന്നീട് ഡ്യൂട്ടി ഫ്രീയിലേയ്ക്ക് തിരിച്ചു വിളിച്ച് സമ്മാനം ഉറപ്പാക്കി. തുടർന്ന് തത്സമയം നടന്ന നറുക്കെടുപ്പ് വിഡിയോയും സുഹൃത്തുക്കൾ അയച്ചു തന്നു. 

മംഗ്ലുരുവിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ നീരജ് ഹരിദാസ്–ശോഭന ദമ്പതികളുടെ മകനാണ്. സിജിയാണ് ഭാര്യ. ചൊവ്വാഴ്ചയിലെ രൂപയുടെ മൂല്യം കണക്കാക്കിയാൽ ഒരാൾക്ക് ഏതാണ്ട് 71 ലക്ഷം രൂപ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഒാഹരിയിൽ നിന്ന് ആദ്യം നാട്ടിലെ ബാങ്ക് വായ്പയടയ്ക്കണം. ബാക്കിയുള്ളത് തത്കാലം ബാങ്കിലിടും. നേരത്തെ യുഎഇയിൽ നടന്ന ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ മിക്കതിലും മലയാളികളാണ് കോടീശ്വരന്മാരായത്.

ചൊവ്വാഴ്ച തന്നെ നടന്ന 307 സീരീസ് നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. റാസൽഖൈമയില്‍ പവർ പ്ലാന്റ് മാനേജറായി ജോലി ചെയ്യുന്ന കർണാടകയിലെ പുത്തൂർ മാന്യ സ്വദേശി ബണ്ട്വാൾ അണ്ണു സുധാകർ ആണ് ആ ഭാഗ്യവാൻ. ഇദ്ദേഹം 42 സുഹൃത്തുക്കളുമായി ചേർന്നെടുത്ത 2686 നമ്പർ ടിക്കറ്റിനാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ഒരാൾക്ക് 16 ലക്ഷത്തിലേറെ രൂപ വീതമാണ് ലഭിക്കുക. സമ്മാന വാർത്തയറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനേ തോന്നിയില്ലെന്ന് സുധാകർ പറഞ്ഞു. സംഭവം സത്യമാണെന്നറിഞ്ഞ് സുഹൃത്ത് സംഘം ഏറെ സന്തോഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീക്ക് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...