ദുബായിലെത്തി ജോലിയില്ല; നിരാശയോടെ മടക്കം; പിന്നാലെ 28 കോടിയുടെ ലോട്ടറി

lottery-dubai-farmer
SHARE

കാർഷികവൃത്തി തുടരെ നഷ്ടത്തിൽ കലാശിച്ച് ആകെ പ്രതിസന്ധിയിലായപ്പോൾ വിലാസ് റിക്കല ഉപജീവനമാർഗം തേടി വീണ്ടും യുഎഇയിലെത്തിയത്. പക്ഷേ, ജോലിയൊന്നും കണ്ടെത്താനാകാതെ നിരാശയോടെ മടങ്ങാനായിരുന്നു വിധി. എന്നാൽ, ഇൗ കർഷകനെ കടാക്ഷിക്കാൻ ഭാഗ്യദേവത കാത്തിരിപ്പുണ്ടായിരുന്നു. ശനിയാഴ്ച രാത്രി നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മെഗാ നറുക്കെടുപ്പിൽ 15 ദശ ലക്ഷം  ദിർഹം(28 കോടിയിലേറെ രൂപ)യാണ് ഹൈദരാബാദ് ജക്രാൻപള്ളി നിസാമാബാദ് സ്വദേശിയായ വിലാസിന് ലഭിച്ചത്. ഡ്യൂട്ടി നറുക്കെടുപ്പിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന തുകയുടെ സമ്മാനമാണിത്.

ഭാര്യയോടൊപ്പം കാർഷിക ഇടത്തിലായിരുന്നപ്പോഴാണ് വിലാസിനെ തേടി സമ്മാന വിവരമെത്തുന്നത്. നേരത്തെ ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം സന്ദർശനത്തിനാണ് ഒടുവിൽ എത്തിയത്. ഭാര്യ പത്മയോടും മക്കളായ മനസ്വിനി, ഹിമാനി എന്നിവരോടുമൊപ്പം ജീവിക്കുന്ന ഇദ്ദേഹം നെൽകൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്ന് പറയുന്നു. 

ദുബായിൽ ജോലി ചെയ്തിരുന്നപ്പോൾ രണ്ട് വർഷത്തോളം പതിവായി ഡിഎസ്എഫ് നറുക്കെടുപ്പിലേതടക്കം സമ്മാന കൂപ്പണുകള്‍ വാങ്ങി ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നു. സന്ദർശക വീസയിലെത്തി പലയിടത്തും ജോലി അന്വേഷിച്ച ശേഷം നിരാശയോടെ മടങ്ങി. കൈയിൽ പൈസയില്ലായിരുന്നു. പക്ഷേ, ടിക്കറ്റ് വാങ്ങിച്ചേ തീരൂ. ആഗ്രഹം ഭാര്യയുമായി പങ്കുവച്ചപ്പോൾ തന്റെ സമ്പാദ്യത്തിൽ നിന്ന് 20,000 രൂപ തന്നു. അതു അബുദാബിയിലുള്ള സുഹൃത്ത് രവിക്ക് അയച്ചുകൊടുത്തു. രണ്ടെണ്ണം എടുക്കുമ്പോൾ‌ ഒന്ന് സൗജന്യമായി ലഭിച്ചതെടക്കം 3 ടിക്കറ്റുകളാണ് വിലാസിന്റെ പേരിൽ‌ വാങ്ങിയത്.

തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഭാര്യക്കാണ് ഇദ്ദേഹം നൽകുന്നത്: അവള്‍ സഹായിച്ചില്ലായിരുന്നെങ്കിൽ ടിക്കറ്റുമില്ല, ഭാഗ്യവുമില്ല. സമ്മാനം കിട്ടിക്കഴിഞ്ഞാൽ കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം ദുബായ് കാണിക്കാൻ കൊണ്ടുവരണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇത്രയും വലിയ തുക കൊണ്ട് എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് അതൊന്നും ആലോചിക്കാൻ നിൽക്കാതെ ഇപ്പോൾ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണെന്ന് വിലാസ് പറയുന്നു.

MORE IN GULF
SHOW MORE
Loading...
Loading...