പ്ലാസ്റ്റിക് വിമുക്തമാകാൻ ഒരുങ്ങി ബഹ്റൈൻ; നിലവാരം കുറഞ്ഞവ നിരോധിച്ചു

ബഹ്റൈനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തി. പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ആദ്യഘട്ടമായി ബാഗുകൾക്കു നിരോധനം. വ്യപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിയമം കർശനമായി പാലിക്കണമെന്നാണ് നിർദേശം.

ഒറ്റയടിക്കുള്ള നിരോധനം ഒഴിവാക്കി ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് ഒഴിവാക്കാനാണ് തീരുമാനം. അതിൻറെ ഭാഗമായാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് ബാഗുകൾ നിരോധിച്ചത്. ഷോപിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലെല്ലാം ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിനും  സർക്കാർ ഇടപെടലുണ്ടാകും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള  സമിതിയുടെ നിർദേശത്തെതുടർന്നാണ് നിയമം പ്രാബല്യത്തിൽ വന്നത്. 

ജീർണ്ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. റീസൈക്ലിങ് വ്യവസായങ്ങളുടെ എണ്ണം വർധിപ്പിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദമാകാനാണ് ലക്ഷ്യമിടുന്നതെന്നും പ്രവാസികളടക്കം എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.