സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷക്ക് പുതിയ നിയമാവലി

സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമാവലി. ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് തൊഴിൽ മന്ത്രാലയം നിയമാവലി തയ്യാറാക്കിയത്. അടുത്തമാസം മുപ്പത്തിയൊന്നിനു ഇതു  പ്രാബല്യത്തിൽ വരും.

വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും തൊഴിൽ സ്ഥലത്തെ പീഡനം, മോശം പെരുമാറ്റം എന്നിവയിൽ നിന്നും സംരക്ഷണം നൽകാനും ലക്ഷ്യമിടുന്ന പുതിയ നിയമാവലി തൊഴിൽ സാമൂഹ്യ വികസന മന്ത്രലായം അംഗീകരിച്ചു. ചൂഷണം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികമായി ഉപദ്രവിക്കൽ, എന്നിവയിൽ നിന്നെല്ലാം പുതിയ നിയമാവലി ജീവനക്കാർക്ക് സംരക്ഷണം നൽകും. തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, സഹ തൊഴിലാളികളോടുള്ള പെരുമാറ്റം, തൊഴില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളോടുള്ള തൊഴിലാളികളുടെയും തൊഴിലുടമയുടെയും പെരുമാറ്റം എന്നിവ പുതിയ നിയമാവലിയുടെ പരിധിയില്‍ ഉള്‍പ്പെടും. നിയമലംഘനങ്ങളെ കുറിച്ച് ഇ മെയിലായും വെബ്‌സൈറ്റ് വഴിയും ശബ്ദ സന്ദേശങ്ങളായും തൊഴിലാളികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്കു പരാതി നൽകുന്നതിനുള്ള സംവിധാനം തൊഴിലിടങ്ങളിൽ ഏർപ്പെടുത്തണമെന്നും നിയമാവലി അനുശാസിക്കുന്നു.