5 മലയാളി നേഴ്സുമാർ ഗ്രാൻഡ് ഫിനാലെയിൽ; എയ്ഞ്ചൽ പുരസ്‌കാരം ആരു നേടും?

യു.എ.ഇയിലെ ആശുപത്രികളിൽ സേവനം ചെയ്യുന്ന നഴ്‌സുമാർക്ക് നൽകുന്ന എയ്ഞ്ചൽ പുരസ്‌കാരം അവസാന റൌണ്ടിലേക്ക്. അഞ്ചു മലയാളി നഴ്സുമാരെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തു. മലയാള മനോരമയുടെ പങ്കാളിത്തത്തോടെയാണ് ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരം അവതരിപ്പിക്കുന്നത്. 

യു.എ.യിലെ ആശുപത്രിക്കിടക്കകളിൽ നഴ്സുമാരുടെ മഹനീയ സേവനം അനുഭവിച്ചറിഞ്ഞവരുടെ നാമനിർദേശങ്ങളിൽ നിന്നുമാണ് അഞ്ചു പേരെ തിരഞ്ഞെടുത്തത്. മുപ്പത്തിരണ്ടു വർഷമായി ദുബായ് ലത്തീഫ ആശുപത്രിയിൽ സേവനം ചെയ്യുന്ന പാലാ സ്വദേശി ലൂസി അലക്സ്, കണ്ണൂർ ഇരിട്ടി സ്വദേശിയും അബുദാബി എൻ.എം.സിയിലെ നഴ്സുമായ സ്വപ്ന മാത്യു, ദുബായ് ആശുപത്രിയിൽ സേവനം ചെയ്യുന്ന കോഴഞ്ചേരി സ്വദേശി ശോഭനാ ജോർജ്, ലത്തീഫ ആശുപത്രയിലെ നഴ്സായ പെരുമ്പാവൂർ സ്വദേശി ഗ്രേസ് പോൾ, തൃശൂർ സ്വദേശി ദുബായ് അൽ സഹ്റ ആശുപത്രിയിലെ മനോജ് പാലയ്ക്കൽ എന്നീ അഞ്ചു പേരാണ് അവസാന റൌണ്ടിലെത്തിയ മലയാളികൾ. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരത്തിൽ മലയാള മനോരമയും പങ്കാളിയാണ്. അടുത്തമാസം രണ്ടിന് ദുബായ് താജ് ഹോട്ടലിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിനും ഫിലിപ്പൈൻസ് വിഭാഗത്തിനും പ്രത്യേകമായി രണ്ടു വിജയികളെ തിരഞ്ഞെടുക്കും. അവസാന റൌണ്ടിലെത്തിയ പത്തുപേർക്കും സമ്മാനം നൽകും.