ഇത് കാലാവസ്ഥാ അടിയന്തരാവസ്ഥ; പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറരുതെന്ന് യുഎൻ

Antonio-Guterres
SHARE

കാലാവസ്ഥാ വ്യതിയാനമുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഒരുമിച്ചു നീങ്ങണമെന്ന ആഹ്വാനവുമായി അബുദാബിയിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനം. ഭൗമതാപനം ലോകത്തിനു മഹാവിപത്താണെന്നും പാരിസ് ഉടമ്പടി പാലിക്കുന്നതിൽ നിന്നു രാജ്യങ്ങൾ പിന്നോട്ടുപോകരുതെന്നും യു.എൻ ജനറൽ സെക്രട്ടറി അൻറോണിയോ ഗുട്ടേറസ് പറഞ്ഞു. 150 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയായ ഉച്ചകോടിയുടെ അജണ്ട തയ്യാറാക്കുന്നതിനായാണ് അബുദാബിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളിച്ചിരിക്കുന്നത്. കാലാവസ്ഥയുടെ കാര്യത്തിൽ ലോകം അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്നും ഇതിനെ പ്രതിരോധിക്കാനുള്ള നിലവിലെ ശ്രമം മതിയാകില്ലെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടേറസ് പറഞ്ഞു. കരുതിയിരുന്നതിലും വേഗത്തിലാണ് കാലാവസ്ഥയിൽ മാറ്റംവരുന്നത്. പാരിസ് ഉടമ്പടിയിൽ പ്രകാരം ഭൗമതാപനില ഉയരുന്നത് രണ്ടു ഡിഗ്രി പരിധിക്കുള്ളിൽ നിർത്താൻ എല്ലാ രാജ്യങ്ങളും കഠിനമായി പരിശ്രമിക്കണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

പാരിസ് ഉടമ്പടിയിൽ നിന്നു പിൻമാറുന്നതായി യു.എസ് നേരത്തേ വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറലിന്റെ
പരാമർശം.  സോളാർ അടക്കം പുനരുപയോഗിക്കാനാകുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും പ്രകൃതി സംരക്ഷണം നിയമപരമായി ഉറപ്പുവരുത്തണമെന്നും സമ്മേളം ആവശ്യപ്പെട്ടു. സോളാർ പദ്ധതി പ്രോത്സാഹിപ്പിക്കുന്ന യുഎഇ സർക്കാരിനെ ഗുട്ടേറസ്  പ്രശംസിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...