എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: പിന്നില്‍ ഇറാന‌െന്ന് മുഹമ്മദ് ബിന്‍ സല്‍മാൻ

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. രാജ്യത്തിന് നേരെയുള്ള ഭീഷണികളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ഒരു അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാന്റെ പരാമർശം.

മേഖലയില്‍ യുദ്ധം നടത്തണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കും സൗദിയുടെ പരമാധികാരത്തിനും നേര ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ മടിക്കില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അടുത്തകാലത്തായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ ഉറച്ച നിലപാട് അത്യാവശ്യമാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ അമേരിക്കയുമായുള്ള ബന്ധം പ്രധാനമാണെന്നും കിരീടാവകാശി അഭിമുഖത്തില്‍ പറഞ്ഞു. അറബ് ദിനപത്രമായ അഷ്റഖ് അല്‍ അവ്സാത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മേഖലയിലെ  ഊർജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിൽ കൂടെക്കൂടെയുണ്ടാകുന്ന ഭീകര സ്വഭാവമുള്ള ആക്രമണങ്ങൾ ഊർജ വിതരണ സുരക്ഷയെ താറുമാറാക്കുമെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിപണിയെ അസ്ഥിരപ്പെടുത്തുകയും  മേഖലയിൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായി ഇടപ്പണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ്, ഒമാൻ ഉൾക്കടലിൽ ഫ്രണ്ട് ഓൾട്ടെയർ, കൊക്കുവ കറേജ്യസ് എന്നീ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ വിവിധ ജിസിസി രാജ്യങ്ങൾ അപലപിച്ചിരുന്നു.