ദുബായിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

ദുബായിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്നും നാളെയുമായി പതിനൊന്നു മൃതദേഹങ്ങളും സ്വദേശങ്ങളിലെത്തിക്കും.

പതിനേഴുപേരിൽ പന്ത്രണ്ടുപേരും ഇന്ത്യക്കാരാണ്. മുംബൈ സ്വദേശി രോഷ്നിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും.  തൃശൂർ  തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിലിൻറെ മൃതദേഹം രാവിലെ ഏഴു നാൽപതിനു നെടുമ്പാശ്ശേരി രാജ്യാന്തര  വിമാനത്താവളത്തിലെത്തിച്ചു. മറ്റുമലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ അഭ്യർഥന പ്രകാരം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും, എംബാം ചെയ്യുന്നതടക്കമുള്ള ചിലവുകൾ പൂർണമായി കോൺസുലേറ്റ് വഹിക്കുമെന്നു ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു.

മുഹ്സൈനയിലെ എംബാമിങ് സെൻററിൽ നേരിട്ടെത്തിയാണ് കോൺസുൽ ജനറൽ   നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.  പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞവർ സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് മസ്ക്കറ്റിൽ നിന്നും ദുബായിലേക്കുള്ള ബസ് അപകടത്തിൽ പെട്ടത്.