ഒരു സ്റ്റോപ്പ് മുൻപ് ഇറങ്ങിയെങ്കിൽ; ദുബായ് കണ്ട വലിയ അപകടങ്ങളിലൊന്ന്: കണ്ണീര്‍

dubai-accidentw
SHARE

ദുബായില്‍ ഉണ്ടായ അപകടത്തിന്‍റെ നടുക്കത്തിലാണ് സംസ്ഥാനത്തും വിവിധ പ്രദേശത്തുകാര്‍. എട്ടു മലയാളികളാണ് അപകടത്തില്‍ മരിച്ചത്. തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മരണം കൂട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ദുബായിലെ സാമൂഹിക സേവന രംഗത്തു സജീവമായിരുന്ന ജമാലുദ്ദീൻ മീഡിയ സിറ്റി ബില്ലിങ് അസിസ്റ്റന്റ് ആയിരുന്നു. സാമൂഹിക സംഘടനയായ ദലയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഒമാനിൽ സുഹൃത്തുക്കളെ കാണാൻ പോയി മടങ്ങുമ്പോഴാണ് മരണം കവർന്നത്. ബസ് സ്റ്റോപ്പിൽ സുഹൃത്ത് കാറിൽ കൊണ്ടു വിടുമ്പോഴും ഒരു സെൽഫി പകർത്തി മറ്റ് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ജമാലുദ്ദീൻ എത്തിയോ എന്ന് ദുബായിലെ സുഹൃത്തുക്കളെ വിളിച്ചു ഒമാനിലെ സുഹൃത്തുക്കൾ ചോദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിളിച്ച അവർക്ക് ജമാലുദ്ദീന്റെ മരണവാർത്തയാണ് കേൾക്കാനായത്.  

ഒരു സ്റ്റോപ്പ് മുൻപ് ഇറങ്ങിയിരുന്നെങ്കിൽ

ഒരു സ്റ്റോപ്പ് മുൻപ് ഇറങ്ങേണ്ടിയിരുന്ന ആതിര ഇപ്പോൾ വിധിയെ പഴിക്കുകയാണ്. ബസ് അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി ദീപ കുമാറിന്റെ ഭാര്യയാണ് ആതിര. അപകടത്തിൽ പരുക്കേറ്റ ആതിരയും മകൾ അതുല്യയും (4) റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേരും ഒമാനിൽ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടുമുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങേണ്ടിയിരുന്നതാണ് ഇവർ. എന്നാൽ ഉറങ്ങിപ്പോയതു കൊണ്ട് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാമെന്നു കരുതി. പക്ഷേ അപ്പോഴേക്കും...

trivandrum-accident66
ദീപകുമാറും കുടുംബവും

ജോലി അന്വേഷിച്ചെത്തി, മരണം കവർന്നു

തലശ്ശേരി വടക്കുംപാട് സ്വദേശികളായ സി.കെ ഉമ്മർ (65), മകൻ നബീൽ (25) എന്നിവരെ മരണം ഒന്നിച്ചു കവർന്നു. അജ്മാനിൽ താമസിക്കുന്ന ഇവർ ഉമ്മറുടെ മകൾ മസ്കത്തിൽ താമസിക്കുന്ന ലൂബിനയ്ക്കൊപ്പം ഈദ് ആഘോഷിക്കാൻ പോയി വരുമ്പോഴായിരുന്നു അപകടമെന്ന് അനുജനായ ഇസഹാക്ക് പറഞ്ഞു. മൂന്നു മാസമേ ആയുള്ള നബീൽ നാട്ടിൽ നിന്ന് എത്തിയിട്ട്. ചെന്നൈയിൽ നിന്ന് എയറോ നോട്ടിക്കൽ എൻജിനിയറിങ് പാസായ ശേഷം ജോലി അന്വേഷിച്ച് എത്തിയതാണ്. ഉമ്മറിന്റെ ഭാര്യ സറീനയും ഇളയ മകൾ പത്താം ക്ലാസ് വിദ്യാർഥിനി ആമിനയും നാട്ടിലാണ്.

അപകടം അടുത്തകാലത്ത് ദുബായ് കണ്ട ഏറ്റവും വലിയ അപകടമായാണ് കണക്കാക്കപ്പെടുന്നത്. 2014 മേയിൽ ദുബായ് എമിറേറ്റ്സ് റോഡിൽ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചു 13 പേർ മരിച്ചതാണ് ഇതിനു മുൻപുള്ള വലിയ അപകടം. 15 പേർക്ക് അന്ന് പരുക്കേറ്റിരുന്നു.

അബുദാബിയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയത്. ലോറിയുടെ ബ്രേക്കിന് എന്തോ തകരാറ് സംഭവിച്ചെന്ന് കരുതി നിർത്തിയപ്പോഴായിരുന്നു അപകടം.

ദുബായ് ജബൽഅലി ഇൻവെസ്റ്റ്മെന്റ് പാർക്കിനു സമീപം അൽ യലായീസ് റോഡിൽ തൊഴിലാളികളെയും കൊണ്ടുപോയ ബസിന്റ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 35 പേർക്കു പരുക്കേൽക്കുകയും ചെയ്തത് 2014 മേയിലാണ്. ബസിന്റെ ടയർ പൊട്ടി എതിർവശമുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ ലഭ്യമാക്കാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ കോൺസുലേറ്റിന് നിർദേശം നൽകി. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറം  (ഐപിഎഫ്) ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാ സഹായവും മന്ത്രി ഉറപ്പുനൽകി.

ദുരന്തത്തിലൂടെ അനാഥമായ കുടുംബങ്ങൾക്ക് തുടർ ജീവിതത്തിന് സഹായം നൽകണമെന്നും മക്കളുടെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഐപിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചതായി രമേഷ് മന്നത്ത് പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...