വില പിടിച്ച വസ്തുകൾ പതിവായി കളഞ്ഞു കിട്ടുന്നു; റാസൽഖൈമയിൽ താരമായി മലയാളി

abdhul-raheem
അബ്ദുൽ റഹീമിന് റാക് പൊലീസിലെ ബ്രി. അബ്ദുല്ല അലി മുനക്കാസ് പ്രശംസാ പത്രം സമ്മാനിക്കുന്നു., കേണൽ ഗതീബ് അൽ സഅബി എന്നിവർ. ചിത്രം– നജീം പുന്നയൂർക്കുളം
SHARE

റാസൽഖൈമ: പതിവായി പണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ വഴിയരികിൽ കളഞ്ഞുകിട്ടുന്ന മലയാളി റാസൽഖൈമയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. റാക് പോസ്റ്റാഫീസിൽ ജീവനക്കാരനായ ഫോർട് കൊച്ചി രണ്ടിലെ ചക്കാമാടം മിന്നത്തിൽ അബ്ദുൽ റഹീമാ (50)ണ് റാസൽഖൈമയിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ താരമാകുന്നത്.

നേരത്തെ ഒട്ടേറെ തവണ പണവും സ്വർണവും കളഞ്ഞുകിട്ടിയിട്ടുള്ള അബ്ദുൽ റഹീം അവയെല്ലാം റാക് പൊലീസിൽ ഏൽപിക്കുകയും ഉടമകൾക്ക് സുരക്ഷിതമായി തിരിച്ചുലഭിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ അബ്ദുൽ റഹീമിന് റാക് നഖീൽ പോസ്റ്റാഫീസിനടുത്ത് നിന്ന് കളഞ്ഞുകിട്ടിയത് 50,000 ദിർഹമാണ്. ഒരു എക്സ്ചേഞ്ചിൽ നിന്ന് വരികയായിരുന്ന ആരുടേതോ ആയിരുന്നു പണം. മറ്റൊന്നും ആലോചിക്കാതെ പണം ആദ്യം പോസ്റ്റാഫീസ് മാനേജറെ ഏൽപിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പൊലീസിൽ എത്തിക്കുകയും ചെയ്തു.

യുഎഇയിൽ 29 വർഷമായി പ്രവാസിയായ അബ്ദുൽ റഹീം കഴിഞ്ഞ 20 വർഷമായി റാക് പോസ്റ്റാഫീസിൽ ജീവനക്കാരനാണ്. ഇവിടെ ജോലിയിൽ പ്രവേശിച്ച കാലത്താണ് ആദ്യമായി 9,000 ദിർഹവും ഡോളറും മറ്റു രേഖകളുമടങ്ങുന്ന ചെറിയ ബാഗ് കളഞ്ഞുകിട്ടിയത്. ഉടൻ പോസ്റ്റാഫീസ് മാനേജറെ ഏൽപിച്ചു. അതോടൊപ്പമുണ്ടായിരുന്ന സ്ലിപ്പിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് ഉടമയെ വരുത്തിയ പൊലീസ് അത് തിരികെ നൽകി. അപ്പോള്‍ ആ മനുഷ്യന്റെ മുഖത്തുണ്ടായ കൃതജ്ഞതയും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യെന്ന് അബ്ദുൽ റഹീം പറയുന്നു. പിന്നീടൊരിക്കൽ പണവും മറ്റൊരിക്കൽ സ്വർണമാലയും കളഞ്ഞുകിട്ടി. അതെല്ലാം ഉടമകളെ ഭദ്രമായി തിരിച്ചേൽപിച്ചു.

എനിക്കൊക്കെ ഒരു 50 ദിർഹം നഷ്ടപ്പെട്ടാൽ പോലും വിഷമമാകും. ആ സ്ഥാനത്ത് വവലിയ തുകയും സ്വർണവുമൊക്കെ നഷ്ടപ്പെടുന്നവരുടെ വിഷമം മനസിലാക്കി എത്രയും പെട്ടെന്ന് അവരെ തിരിച്ചേൽപിക്കാനുള്ള വഴികളാണ് താനാലോചിക്കാറെന്ന് അബ്ദുൽ റഹീം പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ബീനയും മക്കളായ അബ്ദുൽ മാലിക്, അമൽ എന്നിവർ നാട്ടിലാണുള്ളത്.

അബ്ദുൽ റഹീം തുടരുന്ന സത്യസന്ധതയിൽ ആകൃഷ്ടരായ റാക് പൊലീസിലെ ഉന്നതോദ്യോഗസ്ഥർ അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രശംസാ പത്രവും സമ്മാനവും നൽകിയാണ് തിരിച്ചയച്ചത്. ബ്രി. അബ്ദുല്ല അലി മുനക്കാസ്, കേണൽ ഗതീബ് അൽ സഅബി എന്നിവർ സംബന്ധിച്ചു. അബ്ദുൽ റഹീം റാക് പൊലീസിലും പുറത്ത് വിദേശികൾക്കുമിടയിൽ താരമായിത്തീർന്നെന്ന് റാക് പൊലീസിൽ ഫൊട്ടോഗ്രഫറായ നജീം പുന്നയൂർക്കുളം പറയുന്നു

MORE IN GULF
SHOW MORE