ഗൾഫിലെ സംഘർഷസാധ്യത; അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്

saudi-gulf-tensions
SHARE

ഗൾഫ് മേഖലയിലെ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അറബ്, ഗൾഫ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം. അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി സൌദി കിരീടാവകാശി നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.

ഈ മാസം മുപ്പതിനു മക്കയിലാണ് ജിസിസിയുടേയും അറബ് ലീഗിൻറേയും രണ്ടു പ്രത്യേക യോഗങ്ങൾ ചേരുന്നത്. എണ്ണ കപ്പലുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ സാമ്പത്തികമേഖലയെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിനാലാണ് അടിയന്തര യോഗമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ഇറാൻ പിന്തുണയോടെയുള്ള ഹൂതി വിമതരുടെ ഭീകരപ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചു യോഗം ചർച്ച ചെയ്യും. ഫുജൈറയിൽ എണ്ണകപ്പലുകൾക്കു നേരെയും റിയാദിൽ എണ്ണ വിതരണ കേന്ദ്രങ്ങൾക്കു നേരെയുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. ഉപരോധം തുടരുന്ന പശ്ചാത്തലത്തിൽ ഖത്തർ യോഗത്തിൽ പങ്കെടുക്കുമെന്നു വ്യക്തമല്ല. 

സമാധാനവും സ്ഥിരതയുമാണ് സൗദി ആഗ്രഹിക്കുന്നതെന്നും ഇറാനുമായി യുദ്ധത്തിനു താൽപര്യമില്ലെന്നും എന്നാൽ, രാജ്യത്തിനെതിരെയുള്ള ഏതു ആക്രമണത്തേയും ശക്തമായി നേരിടാൻ തയ്യാറാണെന്നും വിദേശകാര്യമന്ത്രി  ആദിൽ അൽ ജുബൈർ പറഞ്ഞു. അതേസമയം, സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ചു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഫോണിൽ ചർച്ച നടത്തിയെന്നു സൗദി വാർത്താഏജൻസി.

MORE IN GULF
SHOW MORE