പ്രവാസികൾക്ക് പെൻഷന്‍ പദ്ധതി ആലോചനയിൽ; പഠന റിപ്പോർട്ട് കൈമാറി

യു.എ.ഇയിലെ പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായി പെന്‍ഷന്‍ പദ്ധതി ആലോചനയിലുണ്ടെന്നു ഭരണകൂടം. ഗ്രാറ്റുവിറ്റിക്കു പകരം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമാകാൻ അവസരമൊരുക്കുന്നതാണ്,  ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെൻറ് ഹ്യൂമന്‍ റിസോഴ്സസിന്റെ പരിഗണനയിലുള്ളത്. 

പ്രവാസികൾക്കു പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു പഠനം നടത്തിയ പ്രത്യേക സമിതി റിപ്പോർട്ട് കൈമാറി.  ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് നിലവില്‍   പ്രവാസികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കുക. ഇതിന് പകരം പെന്‍ഷന്‍ പദ്ധതി കൂടെ കൊണ്ടുവരാനാണ് ധാരണ. താൽപര്യമുള്ളവർക്കു മാത്രം അംഗമാകാമെന്നതാണ് പ്രത്യേകത. 

അംഗമാവാത്തവര്‍ക്ക്  വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. ജീവനക്കാരും തൊഴിലുടമയും നിശ്ചിത വിഹിതം നല്‍കുകയും ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളില്‍ നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പെന്‍ഷന്‍ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. നിലവിൽ മറ്റൊരു ഗൾഫ് രാജ്യത്തും ഇത്തരമൊരു പെൻഷൻ പദ്ധതി നിലവിലില്ല. ധന തൊഴിൽ മന്ത്രാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവരുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെൻറ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരുടെ നേതൃത്വത്തിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.