ലോകകപ്പിന് ആതിഥേയത്വം വഹിക്കാനില്ലെന്ന് ഒമാൻ; പ്രതികരിക്കാതെ കുവൈത്ത്

2022ലെ ലോകകപ്പ് ഫുട്ബോളിൽ ഖത്തറിനൊപ്പം ആതിഥേയത്വം വഹിക്കാനില്ലെന്നു ഒമാൻ. ടീമുകളുടെ എണ്ണം ഉയർത്തിയാൽ ഒമാൻ വേദിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

2022 ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തുന്നതിനുള്ള ആലോചനയിലാണ് ഫിഫ. അങ്ങനെയെങ്കിൽ ഖത്തറിനൊപ്പം ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കു വേദി വ്യാപിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്റ്റേഡിയം അടക്കമുള്ള ഒരുക്കങ്ങൾക്കു മതിയായ സമയം ലഭിക്കില്ലെന്നും അതിനാൽ ആതിഥേയരാകാനാകില്ലെന്നും ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി അറിയിച്ചു. 

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സ്റ്റേഡിയം നിർമിക്കുന്നതാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ മേധാവി സാലിം അൽ വഹൈബിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2022 നവംബറിലാണ് ലോകകപ്പ് മൽസരങ്ങൾ തുടങ്ങുന്നത്. ഇക്കാര്യത്തിൽ കുവൈത്ത് ഇതുവരെ  പ്രതികരിച്ചിട്ടില്ല. അതേസമയം, ഖത്തറിനെതിരെ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലും വേദി പങ്കിടുന്ന കാര്യം പരിഗണിക്കാമെന്നു യു.എ.ഇ നേരത്തേ അറിയിച്ചിരുന്നു.