കുഞ്ഞുജീവൻ നിലച്ചെന്ന് കരുതി; അപൂർവ ചികിൽസ; ജീവൻ തുടിച്ചു

gulf-child-life-save
SHARE

മെക്കോണിയം ആസ്‌പിരേഷൻ സിൻഡ്രോം (എംഎഎസ്‌) മൂലം കടുത്ത ശ്വാസതടസവുമായി ജനിച്ച കുഞ്ഞിനെ ഇസിഎംഒ (എക്‌സ്‌ട്രാകോർപോറിയൽ മെംബ്രെയ്‌ൻ ഓക്‌സിജനേഷൻ) ചികിൽസയിലൂടെ സിദ്ര മെഡിസിനിലെ വിദഗ്‌ധർ പൂർണമായി സുഖപ്പെടുത്തി.

മധ്യപൂർവദേശത്ത്, നവജാതശിശുവിനെ ഇസിഎംഒ ചികിൽസയിലൂടെ ആദ്യമായി രക്ഷിച്ചെടുത്തത്‌ സിദ്രയാണെന്നും അധികൃതർ പറഞ്ഞു. അമ്മയുടെ ഉദരത്തിലായിരിക്കെ കുഞ്ഞു വിസർജിക്കുകയും (മഷിപോവുക)  ഇതിലെ സൂക്ഷ്‌മതരികൾ ഗർഭസ്‌ഥശിശുവിന്റെ ശ്വാസകോശത്തിലെത്തുകയും ചെയ്യുന്ന അപകടകരമായ സ്‌ഥിതിവിശേഷമാണ്‌ മെക്കോണിയം ആസ്‌പിരേഷൻ സിൻഡ്രോം. 1,000 ജനനങ്ങളിൽ മൂന്നു കുട്ടികളുടെ വീതം ജീവൻ എംഎഎസ്‌ മൂലം അപകടത്തിലാകുന്നു എന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഹമദ്‌ മെഡിക്കൽ കോർപറേഷന്റെ വിമൻസ്‌ വെൽനെസ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ ജനിച്ച ആദം എന്ന കുഞ്ഞിനെയാണ് സിദ്രയിൽ രക്ഷപ്പെടുത്തിയത്.

മധ്യപൂർവദേശത്തു നിയോനാറ്റൽ റസ്‌പിറേറ്ററി ഇസിഎംഒ മെഷീനുള്ള ഏക ആശുപത്രി സിദ്രയാണ്‌. അതിനാലാണ് ആദത്തിനെ സിദ്രയിൽ പ്രവേശിപ്പിച്ചത്. നിയോനാറ്റൽ റസ്‌പിറേറ്ററി ഇസിഎംഒ ചികിൽസയിലൂടെ ആദത്തിനെ പൂർണാരോഗ്യത്തിലേക്കു മടക്കിയെത്തിച്ച്‌ സിദ്ര മെഡിസിൻ അഭിമാനാർഹമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണെന്ന്‌ സിദ്ര ചീഫ്‌ മെഡിക്കൽ ഓഫിസർ ഡോ. അബ്‌ദുല്ല അൽ കാബി പറഞ്ഞു. ഇത്‌ ഖത്തറിലെയെന്നല്ല മേഖലയിലെ തന്നെ നവജാതശിശുപരിചരണത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE