ന്യൂസീലൻഡ് വെടിവയ്പിൽ സ്വയം വെടിയേറ്റ് മക്കളെ രക്ഷിച്ച് ദുബൈ വ്യവസായി; ധീരം

ന്യൂസിലാൻഡ് മുസ്‍ലിം പള്ളികളിലെ തീവ്രവാദി ആക്രമണത്തിൽ മക്കളെ രക്ഷിക്കാൻ  സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയ ദുബായിലെ ബിസിനസുകാരൻ രാജ്യാന്തര മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടി. ന്യൂസിലാൻഡിൽ സ്ഥിര താമസമാക്കിയ ഇറാഖി വംശജൻ അദീബ് സമി(52) ആണു മക്കളായ അബ്ദുല്ല(29), അലി(23) എന്നിവർക്കു വേടിയേൽക്കാതെ സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് തറച്ച വെടിയുണ്ട പിന്നീട് ആശുപത്രിയിൽ നീക്കം ചെയ്തു. അബ്ദുല്ല, അലി എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ക്രൈസ്റ്റ് ചർച്ചിലെ നൂർ പള്ളിയിലായിരുന്നു ഇവരുണ്ടായിരുന്നത്. അൽഐനിലും ഒമാനിലും എൻജിനീയറിങ് കൺസൾട്ടൻസി നടത്തുന്ന അദീബ് സമി വ്യാഴാഴ്ച ദുബായിൽ നിന്നു ന്യൂസിലാൻഡിലേയ്ക്ക് പോയതാണ്. ഇദ്ദേഹത്തിന്റെ  മകളായ ഹിബാ അദീബ്(30) ദുബായിലുണ്ട്. എന്റെ പിതാവ് റിയൽ ഹീറോയാണ് സ്വന്തം ജീവൻ പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്താൻ അദ്ദേഹം തയ്യാറായി–ഹിബ പറഞ്ഞു.

എന്റെ പിതാവാണ് റിയൽ ഹീറോ. സ്വന്തം ജീവൻ പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്താൻ അദ്ദേഹം തയ്യാറായി–ഹിബ പറഞ്ഞു.  പിതാവിനു വെടിയേറ്റു എന്നറിഞ്ഞതു മുതൽ ഇൗ യുവതി കരച്ചിൽ നിർത്തിയിട്ടില്ല. ഉടൻ ന്യൂസിലാൻഡിലേയ്ക്ക് ഫോൺ വിളിച്ചു പരുക്കോടെ രക്ഷപ്പെട്ടു എന്നു മനസിലാക്കി. പിതാവിന്റെ പിൻഭാഗത്ത് പതിച്ച വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. എന്നാൽ, മരിച്ച 49 പേരിൽ 12 വയസുകാരനടക്കം ഒട്ടേറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. വ്യാഴാഴ്ചയാണ് പിതാവും മാതാവ് സനാ അൽഹാറും ന്യൂസിലാൻഡിലേയ്ക്ക് പോയത്. ഇന്നലെ(വെള്ളി)23 വയസു തികയുന്ന ഇരട്ടസഹോദരന്മാരുടെ ജന്മദിനമാഘോഷിക്കുകയായിരുന്നു ലക്ഷ്യം. ഇറാഖ് യുദ്ധം കാരണം ഹിബയ്ക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു കുടുംബം ന്യൂസിലാൻഡിലേയ്ക്ക് കുടിയേറിയത്. 

ന്യുസീലൻഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓസ്ട്രേലിയൻ പൗരനായ ബ്രന്റൺ ടാറന്റ്  എന്ന ഇരുപത്തെട്ടുകാരനാണ് ആക്രമണം നടത്തിയത്. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പട്ടാളവേഷത്തിലായിരുന്നു ഇയാൾ. പള്ളിയ്ക്ക് അകത്തേക്ക് കയറി പ്രാർഥിക്കാനെത്തിയ വിശ്വാസികളെ തുരുതുരാ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. ഓരോ മുറിയിലും കടന്നെത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു.വെടിയുണ്ട തീർന്നതിനു ശേഷം മറ്റൊരു തോക്കെടുത്ത് പുറത്തുളളയാളുകളെയും കുട്ടികളെയും ഇയാൾ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെൽകം ടു ഹെൽ എന്ന് തോക്കിൽ വെളുത്ത മഷി കൊണ്ട് എഴുതിയിരുന്നു