ദുബായ്‍യുടെ എണ്ണയിതര വരുമാനത്തിൽ വൻകുതിപ്പ്

UAE-DUBAI-SKYLINE
SHARE

മേഖലയിലെ പ്രതികൂലസാമ്പത്തിക സാഹചര്യത്തിലും ദുബായുടെ എണ്ണയിതര വരുമാനത്തിൽ കുതിപ്പ്. കഴിഞ്ഞവർഷം എണ്ണയിതര വിദേശവ്യാപാരം ഒന്നേ ദശാംശം മൂന്നു ട്രില്യൺ ദിർഹമായി ഉയർന്നു. ദുബായ് കസ്റ്റംസിന്റെ കണക്ക് അനുസരിച്ച് ഫ്രീ സോണുകളിൽ മാത്രം ഇരുപത്തിമൂന്നു ശതമാനമാണ് വ്യാപാരവളർച്ച.

സാമ്പത്തിക അസ്ഥിരത വളർച്ചയെ ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് ദുബായുടെ എണ്ണയിതര വരുമാനത്തിൽ വൻ കുതിപ്പു രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് സമ്പദ്ഘടന ശക്തമാണെന്നു തെളിയിക്കുന്ന റിപ്പോർട്ടാണ് കസ്റ്റംസ് പുറത്തുവിട്ടത്. നേരിട്ടുള്ള വ്യാപാരം 757 ബില്യൺ ദിർഹവും വെയർഹൗസുകൾ വഴിയുള്ള ഇടപാടുകൾ 10.4 ബില്യൺ ദിർഹവും പുനർകയറ്റുമതി 402 ബില്യൺ ദിർഹവുമായും കഴിഞ്ഞവർഷം വ്യാപാരം ഉയർന്നു. ദുബായിയുടെ 50 വർഷത്തേക്കുള്ള പദ്ധതി അനുസരിച്ചുള്ള വൈവിധ്യവത്കരണ പദ്ധതികൾ ഫലം കാണുന്നതിന്റെ തെളിവാണ് എണ്ണയിതര വ്യാപാരത്തിലെ വളർച്ചയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 

മൊബൈൽ ഫോൺ, ജ്വല്ലറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് വിദേശവ്യാപാരത്തിൽ പ്രാമുഖ്യം. എണ്ണയിതര വരുമാനത്തിലെ വർധനവു കൂടുതൽ നിക്ഷേപങ്ങൾക്കു വഴിയൊരുക്കുമെന്നും അതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ. എണ്ണയിതര വ്യാപാരരംഗത്ത് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇന്ത്യയുമായി 11,600 കോടി ദിർഹത്തിന്റെ വ്യാപാരം നടന്നു. റിപ്പോർട്ട് പ്രകാരം ദുബായുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന പദവിയിൽ ചൈന തുടരുകയാണ്. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. അറബ് മേഖലയിൽനിന്ന് സൗദിയാണ് യു.എ.ഇ.യുമായി ഏറ്റവുംകൂടുതൽ എണ്ണയിതരവ്യാപാരം നടത്തുന്നത്. 

MORE IN GULF
SHOW MORE