ഷാർജയിലെ ജനങ്ങളുടെ സുരക്ഷിതത്വബോധം 98 ശതമാനമായി ഉയർന്നെന്ന് പൊലീസ്

sharjah-police
SHARE

ഷാർജയിലെ ജനങ്ങളുടെ സുരക്ഷിതത്വ ബോധം തൊണ്ണൂറ്റിയെട്ടു ശതമാനമായി ഉയർന്നുവെന്നു പൊലീസ്. കുറ്റകൃത്യങ്ങൾ ചെറുക്കുകയും ബോധവൽക്കരണത്തിലൂടെയുമാണ് സുരക്ഷിതത്വം വർധിപ്പിച്ചതെന്നു ഷാർജ പോലീസ് മേധാവി  വ്യക്തമാക്കി. പത്തുമിനിട്ടിൽ താഴെ സമയം കൊണ്ടു റോഡിലെ അപകടസ്ഥലങ്ങളിൽ എത്തിച്ചേരാനാകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഷാർജ പോലീസ് ഒഫീസേഴ്സ് ക്ലബ്ബിൽ നടന്ന മൂന്നാമത് മീഡിയാഫോറത്തിലാണ് പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനറിപ്പോർട്ടു വെളിപ്പെടുത്തിയത്. 220 കേന്ദ്രങ്ങളിലായി 5.40 ലക്ഷം പേരിലേക്കു ബോധവൽക്കരണം എത്തിക്കാനായത് വലിയ നേട്ടമാണെന്നു ഷാർജ പോലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സെറി അൽഷംസി വ്യക്തമാക്കി. 

കഴിഞ്ഞവർഷം ലഭിച്ച പരാതികളിൽ 43 ശതമാനവും ചർച്ചകളിലൂടെ പരിഹരിക്കാനായി. ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ 61 ശതമാനം കുറവുണ്ടായി. 2017 ൽ 103 വലിയ അപകടങ്ങളിലൂടെ 40 പേർ മരിച്ചതായും 2018ൽ 83 അപകടങ്ങളിലൂടെ 30 മരണങ്ങളുണ്ടായതായും പൊലീസ് വ്യക്തമാക്കി. അപകടസാധ്യതയുള്ള അഞ്ചു പ്രധാന റോഡുകളിലായി 66 പട്രോളിംങ് സംഘം സദാസമയവുമുണ്ട്. വിവിധ സേവനങ്ങൾക്കായി പോലീസിന്റെ 32 സർവീസ് സെന്ററുകളാണ് എമിറേറ്റിൽ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 53 സ്മാർട്ട് സേവനങ്ങൾ വെറെയുമുണ്ട്. സാമ്പത്തിക കാര്യങ്ങളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടു 6210 കേസുകളിൽ 31.3 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് പോലീസ് ഇടപെട്ട് പരിഹരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE