ഒമാനിലും പാസ്പോർട് സേവാ പദ്ധതി; സേവനങ്ങൾ ഇനി ഓൺലൈൻ വഴി

സൌദി അറേബ്യക്കു പിന്നാലെ ഒമാനിലും ഇന്ത്യയുടെ പാസ്പോർട് സേവാ പദ്ധതിക്കു തുടക്കം. പാസ്പോർട്ട് സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുന്ന പദ്ധതി മസ്കറ്റ് എംബസിയിൽ ഉദ്ഘാടനം ചെയ്തു. മാർച്ച് പത്തുമുതൽ വെബ്സൈറ്റ് വഴി സേവനം ലഭ്യമാകും. 

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്പോർട്ട് സേവനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി മുനു മഹാവർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.

പാസ്പോർട്ട് എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ ഈ മാസം പത്തുതുടങ്ങി ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂവെന്നു എംബസി അറിയിച്ചു. ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കു https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റലൂടെ സേവനങ്ങൾക്കായി അപേക്ഷ നൽകാം.