ഇറാന്റെ അധീനതയിലുള്ള ദ്വീപുകൾ കൈമാറണമെന്ന ആവശ്യവുമായി യു.എ.ഇ വീണ്ടും

dubai3
SHARE

ഇറാന്റെ അധീനതയിലുള്ള മൂന്നു ദ്വീപുകൾ കൈമാറണമെന്ന ആവശ്യവുമായി യു.എ.ഇ വീണ്ടും രാജ്യാന്തര സമ്മർദം ശക്തമാക്കുന്നു. തന്ത്രപ്രധാനമേഖലയിലെ ദ്വീപുകൾ ഇറാൻ കൈവശപ്പെടുത്തിയിരിക്കുന്നതു ഗൂഢതാൽപര്യം മുൻനിർത്തിയാണെന്നു യു.എ.ഇ ആരോപിച്ചു. ഒ.ഐ.സി സമ്മേളനത്തിൽ ഇറാനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് യു.എ.ഇയുടെ ആരോപണം.

ഗൾഫ് മേഖലയിൽ നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപുകളുടെ മേലുള്ള നിയന്ത്രണം ഇറാൻ തുടരുന്നതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശാണ് ഇറാനെതിരെ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും ദ്വീപുകളുടെ മേലുള്ള അധിനിവേശം ഇറാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 48 വർഷം മുമ്പാണ് അബൂമൂസ, ഗ്രേറ്റർ ആൻഡ് ലെസർ ടൂംബ് എന്നീ മൂന്ന് ദ്വീപുകളിൽ ഇറാൻ അധിനിവേശം നടത്തിയത്. തന്ത്രപ്രധാന ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ദ്വീപുകൾ ഇറാൻ കൈയടക്കിയത് നിഗൂഢലക്ഷ്യം മുൻനിർത്തിയാണെന്നാണ് യു.എ.ഇയുടെ ആരോപണം. ഐക്യരാഷ്ട്രസഭയിലും മറ്റു ലോകരാജ്യങ്ങൾക്കു മുന്നിലും ഈ വിഷയം വീണ്ടും അവതരിപ്പിക്കുമെന്നു യു.എ.ഇ വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. ദ്വീപ് വിട്ടുകൊടുക്കണമെന്നു ഒ.ഐ.സി സമ്മേളനത്തിൽ ആവശ്യമുയർന്നതിനെതിരെ ഇറാൻ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. 

MORE IN GULF
SHOW MORE