കോൺഗ്രസിൻറെ പ്രകടനപത്രികയിൽ പ്രവാസികളുടെ നിർദേശങ്ങളും; ദുബായിൽ പ്രത്യേക സമ്മേളനം

കോൺഗ്രസിൻറെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പ്രവാസികളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തുന്നതു ലക്ഷ്യമിട്ടു ദുബായിൽ പ്രത്യേക സമ്മേളനം. രണ്ടുദിവസത്തെ സമ്മേളനത്തിൽ പതിനാറു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പ്രവാസികളുടെ വിവിധനിർദേശങ്ങൾ പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിക്കു കൈമാറി

ജനുവരിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ, ഓവര്‍സീസ് കോണ്‍ഗ്രസ്, ദുബായില്‍ എന്‍.ആര്‍.ഐ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് സംഘടിപ്പിച്ചത്.  രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പതിനാറ് രാജ്യങ്ങളിലെ 180 പ്രതിനിധികള്‍ പങ്കെടുത്തു. പ്രകടന പത്രികയില്‍, പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചർച്ചകൾ നടന്നു. പ്രകടന പത്രിക ജനങ്ങളുടെ പത്രികയാക്കുകയാണ് ലക്ഷ്യമെന്നു ഐ.ഒ.സി ചെയർമാൻ സാം പിത്രോഡ പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് , ഇന്‍കാസ്, ഒ.ഐ.സി.സി എന്നിവയ്ക്ക് പുറമേ, കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകളുടെ പ്രതിനിധികളും നിർദേശങ്ങൾ അവതരിപ്പിച്ചു. 14 വിഷയങ്ങളില്‍ ഉപസമിതികൾ രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തി. അടുത്തമാസം പുറത്തിറക്കുന്ന  പ്രകടന പത്രികയില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. എ ഐ സി സി മാനിഫെസ്‌റ്റോ കണ്‍വീനര്‍ രാജീവ് ഡൗഡ എം പി, എ ഐ സി സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്‌കി, വ്യവസായി ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവർ നേതൃത്വം നൽകി