ആയുധങ്ങളെ ആടുത്തറിയാൻ അബുദബിയിൽ ഐഡക്സ് 2019

പ്രതിരോധ രംഗത്തെ നവീന ആശയങ്ങളും ആയുധങ്ങളും പരിചയപ്പെടുത്തുന്ന രാജ്യാന്തര പ്രതിരോധ പ്രദർശനത്തിനു അബുദബിയിൽ തുടക്കം. അഞ്ചു ദിവസം നീളുന്ന പ്രദർശനത്തിൽ പ്രതിരോധ രംഗത്തെ ആയിരത്തി മുന്നൂറ്റിപത്തു സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. 

പ്രതിരോധ രംഗത്തെ നവീന ആശയങ്ങളും ആയുധങ്ങളും ആടുത്തറിയാൻ അവസരമൊരുക്കുകയാണ് ഐഡക്സ് 2019. കരയും കടലും ആകാശവും കടന്നെത്തുന്ന ആക്രമണങ്ങളെ അതിജീവിക്കുന്നതിനുള്ള സാങ്കേതികവിദ്യകളെ നേരിട്ടു കാണാം. 1,68,000 ചതുരശ്രമീറ്ററിലാണ് പ്രദർശനം. യു.എ.ഇയിൽനിന്നുള്ള 170ലധികം കമ്പനികൾ ഉൾപ്പെടെ 1310 കമ്പിനികൾ മേളയുടെ ഭാഗമാകുന്നു. അഞ്ചു ദിവസം നീളുന്ന പ്രദർശനത്തിൽ 15 രാജ്യങ്ങളിൽനിന്നുള്ള 20 സൈനിക യൂണിറ്റുകളാണ് പങ്കെടുക്കുന്നത്. 

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തും, അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രാജ്യാന്തര പ്രതിരോധ പ്രദർശനം ആരംഭിച്ചത്. യു.എ.ഇ സായുധ സേനയുടെ ബാൻഡ് മേളവും വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും പ്രദർശനത്തിൻറെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.